കൊച്ചി: നടിക്കെതിരായ ആക്രമണ സംഭവം മോശമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആക്രമിച്ചു എന്ന പദത്തിന് പകരം ബലാത്സംഗം എന്നുപയോഗിച്ചതിന് എതിരെയായിരുന്നു ഭാഗ്യലക്ഷ്മി വിമര്‍ശനമുന്നയിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

വാര്‍ത്ത കൊടുത്തത് ഏത് പത്രമായാലും തികച്ചും അനീതിയാണ് കാണിച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ‘ ആക്രമിച്ചു എന്നതിന് പകരം ബലാത്സംഗം എന്ന പദം ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു സെന്‍സേഷനല്‍ വാര്‍ത്തയാകും. യാതൊരു അടിസ്ഥാനവുമില്ലാതെ എങ്ങനെയാണ് നിങ്ങള്‍ ഈ വാര്‍ത്ത കൊടുത്തത്? ‘ ഭാഗ്യലക്ഷ്മി ചോദിക്കുന്നു.


Also Read: പെണ്ണിനെതിരെയുള്ള ആക്രമണം കുറഞ്ഞത് ബലാത്സംഗമെങ്കിലും ആകണം, അല്ലേ? ടൈംസ് ഓഫ് ഇന്ത്യയോട് റിമാ കല്ലിങ്കല്‍


എന്ത് തരം ആനന്ദമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ചോദിക്കുന്ന ഭാഗ്യലക്ഷ്മി നിങ്ങളുടെ വീട്ടിലെ സ്ത്രീയ്ക്ക് ഇത് സംഭവിക്കുമ്പോഴും ഇതേ നിലപാടെടുക്കണമെന്നും വിമര്‍ശിക്കുന്നു. ദയവു ചെയ്ത് ഞങ്ങളെ വാക്കുകള്‍ കൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും ബലാത്സംഗം ചെയ്യാതിരിക്കൂ, എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.