ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

ഇന്ത്യയിലെ മിക്കവാറും സന്ന്യാസിമാര്‍ ശങ്കരസമ്പ്രദായത്തില്‍ ദീക്ഷിതരും ശങ്കരാചാര്യരെ ഗുരുവായി കാണുന്നവരുമാണ്. കേരളത്തില്‍ കാണുന്ന സന്ന്യാസിമാരും അത്തരക്കാരാണ്. കേരളീയ സന്ന്യാസിമാരില്‍ അല്പം വ്യത്യസ്തരായവര്‍ നടരാജഗുരുവും നിത്യചൈതന്യയതിയും മുനിനാരായണപ്രസാദും ഒക്കെ പ്രതിനിധാനം ചെയ്യുന്ന ശ്രീനാരായണഗുരുകുലം സ്വാമിമാരും കരുണാരഗുരുവിന്റെ ശിഷ്യരായ സ്വാമിമാരും ബ്രഹ്മാനന്ദസ്വാമി സിദ്ധാശ്രമവുമായി ബന്ധപ്പെട്ട സ്വാമിമാരുമാണ്.

ശ്രീനാരായണഗുരുകുലം സന്ന്യാസിമാരില്‍ പ്രമുഖനായ സ്വാമി വിനയചൈതന്യ വിവാഹിതനുമാണ്. ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വിവാഹിതനായിരുന്നു. ശിവയോഗി ഭഗവദ്ഗീതയെ യോഗമഹാത്മ്യശാസ്ത്രം എന്ന നിലയില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ശങ്കരാചാര്യരുടെ ഭഗവദ്ഗീതാഭാഷ്യത്തെ തരിമ്പും അംഗീകരിക്കുന്നില്ല. നടരാജഗുരുവും മറ്റും ഒരു വലിയ പരിധിയോളം ശങ്കരവിചാരപദ്ധതിയെ സ്വീകരിക്കുന്നുണ്ട്.

ഒരു സന്ന്യാസി എന്ന നിലയില്‍ ഞാന്‍ വൈചാരികമായോ ആചാരപരമായോ ശങ്കരാചാര്യപാരമ്പര്യത്തെ പിന്‍പറ്റുന്നില്ല. എന്റേത് ശക്തിബോധി സന്ന്യാസമാണ്. ചരിത്രകാരന്മാര്‍ പൊതുവേ ദ്രാവിഡീയം എന്നു പറഞ്ഞുവരുന്നതും, ശങ്കരാചാര്യര്‍ക്ക്‌പോലും പിന്നീട് ‘സൗന്ദര്യലഹരി’ മുതലായ കൃതികളിലൂടെ സ്വാംശീകരിക്കേണ്ടിവന്നതുമായ ശാക്തേയമാര്‍ഗ്ഗത്തിന്റേയും, മാറ്റമൊഴിച്ച് മറ്റൊന്നും ശാശ്വതമായില്ലെന്ന തിരിച്ചറിവിന്റെ പ്രബുദ്ധത നിറഞ്ഞ ബൗദ്ധവിചാരപദ്ധതിയുടെയും ശാസ്ത്രീയമായൊരു സമന്വയമാണ് ശക്തിബോധി സമ്പ്രദായമനുസരിച്ചുള്ള വിചാരപദ്ധതി.

നിലനില്പിന് അവശ്യം ആവശ്യമായ ശക്തിയും ബോധവും മാറ്റത്തിന്റെ മഹാമാതാവായ വിശ്വപ്രകൃതിയില്‍വെച്ചേ മനുഷ്യന് തേടുവാനും നേടുവാനും ഏത് കാലത്തും പറ്റൂ എന്ന് അസന്നിദ്ധമായി തെളിയിക്കുന്ന ശക്തിബോധിയുടെ വിചാരപദ്ധതിയെ ‘വിശ്വവിദ്യാ’ എന്നാണു വിളിച്ചുവരുന്നത്.

വിശ്വപ്രകൃതിയ്ക്കതീതമായ ഒരു യാഥാര്‍ത്ഥ്യം ഉണ്ടെന്നും, അതിനെയാണ് പുരുഷന്‍, ആത്മാവ് പരബ്രഹ്മം എന്നൊക്കെ വിവക്ഷിച്ചുവരുന്നതെന്നും ഒക്കെയുള്ള ധാരണകളിലൂന്നി ജഗത്തു തന്നെ മിഥ്യയാണെന്നു സിദ്ധാന്തിക്കുന്ന ശാങ്കരാദൈ്വത വിചാരപദ്ധതിയെ പൊതുവേ ‘ബ്രഹ്മവിദ്യ’ എന്നാണു പറഞ്ഞുവരുന്നത്-വിശ്വവിദ്യ പ്രകൃതിയെ, കണ്ടെത്തിയതും, കാണാവുന്നതും, കണ്ടെത്തേണ്ടതും, എത്രശ്രമിച്ചാലും ഒരു പരിധിക്കപ്പുറം കണ്ടെത്താനാകാത്തതുമായ അനന്തയാഥാര്‍ത്ഥ്യ(infinite Reality)മായി കാണുന്നു. ബ്രഹ്മവിദ്യയാകട്ടെ പ്രകൃതിയെ തന്നെ മനുഷ്യന്‍ കാണുന്ന സ്വപ്നത്തിനു സമാനം ബ്രഹ്മത്തിന്റെ സ്വപ്നമായി കാണുന്നു.

ഈ വൈചാരികവ്യത്യാസമാണ് ശാങ്കരസമ്പ്രദായസന്ന്യാസിമാരുടേയും ശക്തിബോധിസന്യാസത്തിന്റേയും സമീപന വ്യത്യാസങ്ങള്‍ക്ക് ആധാരം. ശക്തിബോധി സമ്പ്രദായത്തിന് കാലോചിതമായ പുതുജീവന്‍ നല്‍കിയ ധര്‍മ്മപുരുഷന്‍ മഹര്‍ഷിമഹാകവി ഗുരുശ്രീ കൃഷ്ണകുമാറാണ്. അദ്ദേഹം ശക്തിബോധിദര്‍ശനത്തെ ഇംഗ്ലീഷില്‍ അവതരിപ്പിച്ചിരുന്നത് ശക്തിസം എന്നുമാണ്.

കേരളത്തില്‍ ശക്തിബോധി സമ്പ്രദായം പിന്‍പ്പറ്റുന്നവര്‍ കുറവാണ്; ആ ഗണത്തിലുള്ള ‘സ്വാമി’ മാര്‍ ഞാനൊഴികെ മറ്റാരും ഇല്ലെന്നു തന്നെ പറയാം. പൊതുവേ കേരളീയര്‍ക്ക് പരിചിതരായ ‘സ്വാമി’മാര്‍ മുടിനീട്ടിയവരോ തലമൊട്ടയടിച്ചവരോ ആയ ശാങ്കര വേദാന്തസ്വാമിമാരാണ്. അവരുടെ പ്രത്യേകത, പേരിനു പിന്നില്‍ പുരി, ഗിരി, വനം, സരസ്വതി, തീര്‍ത്ഥ, ആരണ്യം, പര്‍വ്വതം, സാഗരം എന്നൊക്കെ ചേര്‍ത്തിരിക്കും എന്നതാണ്. ഉദാഹരണത്തിന്; ചിദാനന്ദപുരി, സന്ദീപാനന്ദഗിരി, ജയേന്ദ്രസരസ്വതി, ദയാനന്ദ തീര്‍ത്ഥ, വേദാരണ്യസ്വാമികള്‍, നിത്യാനന്ദ സാഗരന്‍ എന്നിവ പറയാം.

ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, സ്വാമിവിവേകാനന്ദന്‍ വാഗ്ഭടാനന്ദ ഗുരു, ശുഭാനന്ദഗുരുദേവര്‍, ബ്രഹ്മാനന്ദ സ്വാമി ശിവയോഗി, ഷിര്‍ദ്ദിസായിബാബ, രമണമഹര്‍ഷി, മഹര്‍ഷി അരബിന്ദോ, ശ്രീരാമകൃഷ്ണപരമഹംസന്‍, ജിദ്ദുകൃഷ്ണമൂര്‍ത്തി തുടങ്ങിയ ആദ്ധ്യാത്മികാചാര്യന്മാരൊന്നും സ്വന്തം പേരിനു പിന്നില്‍ ശാങ്കരസമ്പ്രദായമനുസരിച്ചുള്ള മേല്പറഞ്ഞ ദീക്ഷാനാമങ്ങള്‍ ചേര്‍ത്തിരുന്നില്ല എന്നും ഓര്‍മ്മിക്കണം. ഇതു തെളിയിക്കുന്നത് ഏതു ഗിരിയും പുരിയും സരസ്വതിയും ഒക്കെ എങ്ങിനെയൊക്കെ വാദിച്ചാലും ശങ്കരാചാര്യര്‍ മാത്രമാണ് ഇന്ത്യന്‍ ആദ്ധ്യാത്മികതയുടെ ഒരേയൊരു ആധികാരികസ്വരമെന്ന് ഇന്ത്യയുടെ വിശാലായ ആദ്ധ്യാത്മികപാരമ്പര്യം സമ്മതിച്ചു തരികയില്ല എന്നുകൂടിയാണ്- ശങ്കരസമ്പ്രദായപ്രകാരമല്ലാതെ ആദ്ധ്യാത്മികതയെ കൈകാര്യം ചെയ്തവരും ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിരുന്നു.

പക്ഷേ, അവരുടെ ശബ്ദത്തിന് ഇസ്ലാമതവിശ്വാസവും സൂഫിസവും തമ്മിലുള്ള വ്യത്യാസം ഉണ്ടാകാറുണ്ടെന്നു മാത്രം. മാത്രമല്ല ശാങ്കരസമ്പ്രദായം പോലെ സംഘടിതമായിരുന്നില്ല വേറിട്ട ആദ്ധ്യാത്മിക വിചാരപദ്ധതികള്‍ എന്നതും പരിഗണിക്കണം. എന്നുകരുതി ശാങ്കരസമ്പ്രദായപ്രകാരം ദീക്ഷിതരായ ‘സ്വാമി’മാരുടെ രീതിയില്‍, ആശ്രമവും മഠവും സ്ഥാപിച്ച് ആളുകളെ കാലുപിടിപ്പിച്ച് ‘ജഗത്തുമിഥ്യബ്രഹ്മസത്യം’ എന്നു ജഗത്തില്‍ ജീവിച്ചുകൊണ്ടുതന്നെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ഉദ്‌ഘോഷിച്ച്, ഭസ്മലേപനവും കാവിധാരണവും ചെയ്തു നടന്നാലേ യഥാര്‍ത്ഥ ഇന്ത്യന്‍ സന്ന്യാസിയാവൂ എന്നു വാദിക്കുന്നത് കടലിലൊരു ജീവിയേയുള്ള അതു മത്സ്യം മാത്രമാണെന്നു കരുതുന്നതുപോലെ വാസ്തവവിരുദ്ധമായ അസംബന്ധമാണ്.

ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ പരക്കേയും കേരളത്തില്‍ പ്രത്യേകിച്ചും ഭൂരിപക്ഷം സന്ന്യാസിമാര്‍ ശാങ്കരസാമ്പ്രദായത്തെ പിന്‍പറ്റുന്നവരാണ്. അവരുടെ ഗീതാപ്രഭാഷണങ്ങള്‍ ശാങ്കരഭാഷ്യത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ എന്നതിലുപരി മൗലികമായ സത്യാന്വേഷണത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ ഉള്ളവയായിരിക്കാറുമില്ല. ഉദാഹരണത്തിന് രണ്ടു സര്‍പ്പന്യായം പരിശോധിക്കാം. ഇരുട്ടില്‍ നടക്കുന്നയാള്‍ കയറ് പാമ്പാണെന്നു കരുതി വേവലാതിപ്പെടുന്നപോലെ മനുഷ്യന്‍ ബ്രഹ്മത്തെ ജഗത്തായി കരുതി വേവാലതിപ്പെടുന്നു എന്നാണ് മേല്പറഞ്ഞ ന്യായത്തിനര്‍ത്ഥം.

ഈ ന്യായം എത്രയോ സന്ന്യാസിമാര്‍ ‘തത്തമ്മേ പൂച്ചപൂച്ച’ എന്ന മട്ടില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം കേള്‍ക്കുന്നവര്‍ക്ക് ഇതെന്തോ വലിയ തത്ത്വചിന്തയാണെന്നു തോന്നും. സ്വാമി പറഞ്ഞതല്ലേ തല കുനിച്ചത് ഏറ്റുവാങ്ങും. പക്ഷേ അവരുടെ സ്വാമിയും ആ ന്യായം ശങ്കരാചാര്യരില്‍ നിന്ന് തലകുനിച്ച് ഏറ്റുവാങ്ങിയതാണ് ശങ്കരന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ. എന്നാല്‍ ആ ഉപമയെ ഒന്നു വിശകലനം ചെയ്യൂ. ശങ്കരാചാര്യര്‍ പറയുന്നത് ഒന്നേയുള്ളൂ രണ്ടില്ല (ഏകമേവനദ്വിതീയം) എന്നാണ്. കയറേയുള്ളൂ പാമ്പില്ല എന്നാണ്.

പക്ഷേ, കയറു പാമ്പാണെന്നു കരുതുവാന്‍ മനുഷ്യന് കയറും പാമ്പും പരിചയമുണ്ടായിരിക്കണം കൂടാതെ ഇരുട്ടെന്ന അനുകൂലഘടകവും വേണം. അപ്പോള്‍ തന്നെ മൂന്നുകാര്യങ്ങള്‍ വേണമെന്നായി-തെറ്റിദ്ധരിക്കാന്‍ പോലും മൂന്നു കാര്യങ്ങള്‍ വേണമെങ്കില്‍ ശരിക്ക് ധരിക്കാന്‍ എത്ര കാര്യങ്ങള്‍ വേണ്ടിവരും..? സാന്ദര്‍ഭികമായി ഒരു യുക്തിവിചാരം നടത്തിയെന്നേയുള്ളൂ. പക്ഷേ, കാഷായ ശങ്കരന്റെ ഉപമ ഏറ്റുപാടുക മാത്രം ചെയ്യുന്ന പുരിമാര്‍ക്കും ഗിരിമാര്‍ക്കും അവരെ ഗുരുവായി കരുതുന്നവര്‍ക്കും ഈ യുക്തിവിചിരം അഭിമുഖീകരിക്കാനുള്ള ആത്മധൈര്യംപോലും ഉണ്ടാവില്ല. കാരണം അവര്‍ കാഷായശങ്കരന്‍ പറഞ്ഞതിനുപ്പുറം ഒന്നും ചിന്തിക്കേണ്ട എന്നു തീര്‍ച്ചപ്പെടുത്തിയവരാണ്- ശങ്കരനില്‍ മാനവച്ചിന്ത അവസാനിച്ചെന്നു കരുതിയവരാണ്.അടുത്ത പേജില്‍ തുടരുന്നു