‘അവര്‍ക്കെന്റെ ആശയങ്ങളെ കൊല്ലനാവില്ല. എന്റെ ശരീരം ചതച്ചരച്ചേക്കാം. എന്റെ അന്തസത്തയെ നശിപ്പിക്കാന്‍ അവര്‍ക്കാവില്ല’- ഭഗത് സിങ്. ”ഇന്‍ക്വിലാബ് സിന്ദാബാദ്! സാമ്രാജ്യത്വം തുലയട്ടെ!!” – ജനകോടികളുടെ മുഷ്ടികളെ കരുത്തുറ്റതാക്കിയ മുദ്രാവാക്യങ്ങള്‍. വിശ്രമമില്ലാതെ പോരാട്ട ഭൂമികളെ അസ്വസ്ഥമാക്കിയ മുദ്രാവാക്യങ്ങള്‍.ഷഫീക്ക് എച്ച്, നിമ കെ.എം


‘അവരെന്നെ കൊല്ലുമായിരിക്കാം,
അവര്‍ക്കെന്റെ ആശയങ്ങളെ കൊല്ലനാവില്ല.
എന്റെ ശരീരം ചതച്ചരച്ചേക്കാം.
എന്റെ അന്തസത്തയെ
നശിപ്പിക്കാന്‍ അവര്‍ക്കാവില്ല’
-ഭഗത് സിങ്

”ഇന്‍ക്വിലാബ് സിന്ദാബാദ്! സാമ്രാജ്യത്വം തുലയട്ടെ!!’‘ – ജനകോടികളുടെ മുഷ്ടികളെ കരുത്തുറ്റതാക്കിയ മുദ്രാവാക്യങ്ങള്‍. വിശ്രമമില്ലാതെ പോരാട്ട ഭൂമികളെ അസ്വസ്ഥമാക്കിയ മുദ്രാവാക്യങ്ങള്‍.

സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിച്ച നീറ്റലുകള്‍ പഞ്ചേന്ദ്രിയങ്ങളെ കീറിമുറിക്കുമ്പോള്‍ അധികാര വര്‍ഗ്ഗത്തോട് കലിയടങ്ങാത്ത വിപ്ലവ പക്ഷം തൊണ്ടപൊട്ടുമാറുച്ചത്തില്‍ ആകാശത്തോളം മുഴക്കിയ മുദ്രാവാക്യങ്ങള്‍.

അവ ഇന്ത്യന്‍ ഹൃദയങ്ങളിലേക്ക് പറിച്ചു നട്ടിട്ട് ഏകദേശം എട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഭഗത്‌സിങ്ങും രാജ്ഗുരുവും സുഖ്‌ദേവും സാമ്രാജ്യത്വത്തിന്റെ കൊലമരത്തില്‍ ആത്മബലി നടത്തിയതിന്റെ 82-ാം സ്മരണദിനമാണ് മാര്‍ച്ച് 23.

കൊലമരത്തില്‍ തൂക്കിയിട്ടും മരിക്കാത്ത ഭഗത്‌സിങ്ങിന്റെ നെഞ്ചില്‍ ബുള്ളറ്റ് പായിച്ച് ആ ശരീരത്തിലെ അവസാനത്തെ മിടിപ്പും അസ്തമിച്ചെന്ന് ഉറപ്പാക്കിയ ശേഷം കഷ്ണം കഷ്ണം വെട്ടിനുറുക്കി ബ്രിട്ടീഷ് സാമ്രാജ്യത്വം ‘ഓപ്പറേഷന്‍ ട്രോജന്‍ ഹോഴ്‌സ്’ നടപ്പാക്കിയതിന്റെ രക്തം വിറങ്ങലിക്കുന്ന ഓര്‍മ്മകള്‍ പേറുന്ന 80-ാം രക്തസാക്ഷിദിനം.

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മുതലാളിത്തം അതിന്റെ സാര്‍വ്വതോന്മുഖമായ നശീകരണം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭഗത്‌സിങ്ങിനെയും അദ്ദേഹം പ്രതിനിധീകരിച്ച രാഷ്ട്രീയത്തെയും ഓര്‍ക്കേണ്ടത് ഏറെ അനിവാര്യമാണ്. കാരണം അത് സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ കിരീടത്തിനും ചെങ്കോലിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണ്.

ചുരുങ്ങിയതെങ്കിലും നൂറ്റാണ്ടുകളുടെ വിപ്ലവച്ചൂര് മുഴുവന്‍ പ്രതിഫലിച്ച അദ്ധ്യായമായിരുന്നു ഭഗത്‌സിങ്ങും സഖാക്കളും പ്രവര്‍ത്തിച്ച ദേശീയ പ്രസ്ഥാനത്തിലെ ചരിത്രഘട്ടം.

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മുതലാളിത്തം അതിന്റെ സാര്‍വ്വതോന്മുഖമായ നശീകരണം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭഗത്‌സിങ്ങിനെയും അദ്ദേഹം പ്രതിനിധീകരിച്ച രാഷ്ട്രീയത്തെയും ഓര്‍ക്കേണ്ടത് ഏറെ അനിവാര്യമാണ്.

ഹൃദയാവേഗങ്ങളുടെ സംക്രമഭൂമി. നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലും പാരതന്ത്ര്യവും ഓരോ മനുഷ്യാത്മാവിന്റെയും ദേഹത്തിലെ അവസാനത്തെ ചോരയും നീരും വരെ ഊറ്റിയെടുത്ത് ചൂഷണത്തിന്റെ പരകോടിയിലെത്തിച്ച കാലം. ഇവിടെയാണ് ഹൈന്ദവദേശീയതയുടെ ചിറകിനടിയില്‍ നിന്ന് പുറത്തുവരാന്‍ മടിച്ച ദേശീയ പ്രസ്ഥാനത്തെ തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടെയും മതനിരപേക്ഷ വിപ്ലവസമരങ്ങളുടെയും ഊര്‍ജ്ജസ്വലതയിലേക്ക് ഈ യുവാക്കള്‍ കൈപിടിച്ചു നടത്തിയത്.

അത്യുജ്ജ്വലമായിരുന്നു ആ അരങ്ങേറ്റം. 1929 ഏപ്രില്‍ 8-ാം തിയ്യതി അധികാരത്തിന്റെ ന്യായാസനങ്ങളെ വിറപ്പിച്ചുകൊണ്ട് സെന്‍ട്രല്‍ അസംബ്ലിയില്‍ ഭഗത്‌സിങ്ങും ബടുകേശ്വര്‍ ദത്തും ഉച്ചൈസ്തരം മുഴക്കിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷുകാരന്റെ ‘ബധിരകര്‍ണങ്ങളെ തുറപ്പിക്കാനായിരുന്നുവെങ്കില്‍’ അവ അന്നത്തെ മുഴുവന്‍ പുരോഗമന വര്‍ഗ്ഗങ്ങളുടെയും ഉണര്‍ത്തുപാട്ടായി പരിണമിച്ചുവെന്നത് ചരിത്ര സാക്ഷ്യം.

‘ഇന്‍ക്വിലാബ് സിന്ദാബാദ്!’ (വിപ്ലവം ജയിക്കട്ടെ) ‘സാമ്രാജ്യത്വം തുലയട്ടെ!!’ എന്നീ മുദ്രാവാക്യങ്ങള്‍ ശരിയായ വര്‍ഗ്ഗസമരത്തിന്റെ പടപ്പാട്ടുകളായിരുന്നു. അന്നുവരെ ദേശീയപ്രസ്ഥാനത്തില്‍ നിറഞ്ഞ് നിന്നിരുന്ന ‘വന്ദേമാതരം’ (മാതൃഭൂമി വിജയിക്കട്ടെ) എന്ന മുദ്രാവാക്യത്തെ ഇവ മാറ്റി പ്രതിഷ്ഠിച്ചുവെന്നത് ഹൈന്ദവതയിലൂന്നിയ ദേശീയത തൊഴിലാളിവര്‍ഗ സാര്‍വ്വദേശീയതയ്ക്ക് വഴിമാറികൊടുക്കുന്നതിന്റെ പ്രത്യയശാസ്ത്രപരമായ പ്രതിഫലനമായിരുന്നു.

റഷ്യയിലെ മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവ വിജയത്തിന്റെ കൂടി പ്രതികരണമായിരുന്നു. കാരണം ഇവര്‍ മാര്‍ക്‌സിസ്റ്റുകളായിരുന്നു. പോര, മാര്‍ക്‌സിസം ഇന്ത്യന്‍ മണ്ണില്‍ പ്രയോഗിച്ചുകൊണ്ട് സ്വന്തമായി വിപ്ലവപദ്ധതി രൂപപ്പെടുത്തിയ ആദ്യത്തെ മാര്‍ക്‌സിസ്റ്റ് സംഘമായിരുന്നു.

ഈ വസ്തുത ഓരോ ഇടതുപക്ഷ വിശ്വാസിയുടെയും രാഷ്ട്രീയമനസിന് ഭഗത്‌സിങ്ങും കൂട്ടരും എത്രമാത്രം പ്രധാനപ്പെട്ടവരാണ്/ആകണം എന്നതിനെ വ്യക്തമാക്കുന്നു. ”സ്വാതന്ത്ര്യ സമരകാലത്ത് ഭഗത്‌സിങ്ങിന്റെ നാമം ഇന്ത്യയിലുടനീളം ഗാന്ധിജിയോളം തന്നെ ജനഹൃദയങ്ങളെ കീഴടക്കിയിരുന്നു” എന്ന് ഗാന്ധിഭക്തനും ചരിത്രകാരനുമായ പട്ടാഭി സീതാരാമയ്യര്‍ക്ക് പറയേണ്ടി വന്നത് വെറുതെയല്ല.

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ (HRA), നൗ ജവാന്‍ ഭാരത്‌സഭ, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ (HSRA) എന്നീ മൂന്ന് സംഘടനകളുടെ ചരിത്രവുമായി താദാത്മ്യപ്പെട്ടതാണ് പ്രധാനമായും ഭഗത്‌സിങ്, ചന്ദ്രശേഖര്‍ ആസാദ്, രാജ്ഗുരു, സുഖ്‌ദേവ് തുടങ്ങിയ സഖാക്കളുടെ ജീവിതം.

ഈ വിപ്ലവകാരികളുടെ ചരിത്രം മാറ്റിമറിച്ച രണ്ട് സുപ്രധാന സംഭവങ്ങളായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും നിസ്സഹകരണ പ്രസ്ഥാനവും. 1919 ഏപ്രില്‍ 3-നു അമൃത്‌സറിലെ ജാലിയന്‍വാലാബാഗ് മൈതാനിയില്‍ ആയിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തം ചിന്തിയപ്പോള്‍ ഇന്ത്യയിലെ യുവഹൃദയങ്ങളില്‍ നിന്നും ആത്മനിന്ദയുടെ രക്തതുള്ളികള്‍ ഇറ്റുവീണു.  ആത്മരോഷത്തിന്റെ അഗ്‌നിജ്വാലകള്‍ ആളികത്തി.
അടുത്ത പേജില്‍ തുടരുന്നു