എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ വില്‍ക്കുന്നതിലും നല്ലത് ചായ വില്‍ക്കുന്നതാണ്: നരേന്ദ്ര മോഡി
എഡിറ്റര്‍
Friday 15th November 2013 1:58pm

narendra-modi

റായ്ഗഢ്: രാജ്യത്തെ വില്‍ക്കുന്നതിലും നല്ലത് ചായ വില്‍ക്കുന്നതാണെന്ന് എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി.

ചായ വിറ്റ് നടന്നവര്‍ക്കുള്ളതല്ല ഇന്ത്യന്‍ പ്രധാനമന്ത്രിപദമെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

പിന്നാക്കം നിന്നിരുന്ന ഒരു കുടുംബത്തിലാണ്  താന്‍ ജനിച്ചത്. റെയില്‍വേ സ്റ്റേഷനുകളില്‍ ചായ വിറ്റിറ്റുണ്ട്. മോഡി പറഞ്ഞു

‘ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രി ആകുമോ എന്ന് ജനങ്ങള്‍ തീരുമാനിക്കും.’ അദ്ദേഹം പ്രസ്താവിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മോഡി കടന്നാക്രമിച്ചു.

കോണ്‍ഗ്രസിന്റെ കോട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു ഛത്തീസ്ഗഢിലെ റായ്ഗഢില്‍ അദ്ദേഹം പ്രസംഗിച്ചത്. തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് സമയം കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘മോഡി എന്താണ് ചെയ്യുന്നത്, എന്താണ് പറയുന്നത് എന്നറിയാനായി കോണ്‍ഗ്രസുകാര്‍ ടി.വിയ്ക്ക് മുമ്പില്‍ ചടഞ്ഞിരിക്കുകയാണ്.’ തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

പിന്നാക്കം നില്‍ക്കുന്നവരിലേയ്ക്ക് വികസനമെത്താത്തത് വ്യവസ്ഥിതിയുടെ കുറ്റമാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ‘ആരാണ് ഈ വ്യവസ്ഥിതി സൃഷ്ടിച്ചത്?’ മോഡി ചോദിച്ചു.’സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി താങ്കളുടെ പിതാവ്, മുത്തശ്ശി തുടങ്ങിയവരാണ് ഇത് സൃഷ്ടിച്ചത്.’

കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ അസുഖബാധിതയെന്ന് അദ്ദേഹം  വിശേഷിപ്പിച്ചിത് വിവാദം സൃഷ്ടിച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നും മോഡി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഛത്തീസ്ഗഢും ദല്‍ഹിയും ഉള്‍പ്പെടെയുളള അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. പ്രചരണങ്ങള്‍ കൂടുതല്‍ വ്യക്തിപരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

ഛത്തീസ്ഗഢില്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ബി.ജെ.പിയ്ക്ക് ശുഭപ്രതീക്ഷയാണുള്ളത്.

Advertisement