ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ പ്രഖ്യപനത്തില്‍ അവതാരകരുടെ പിഴവ് മൂലം വേദിയിലെത്തിയ ലാ ലാ ലാന്‍ഡ് അണിയറപ്രവര്‍ത്തകര്‍ക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് വാങ്ങാതെ തിരിച്ചിറങ്ങേണ്ടി വന്നു. പുരസ്‌കാര ജേതാക്കളുടെ പേരെഴുതിയ എന്‍വലപ്പ് മാറിയതിനാലാണ് മൂണ്‍ലൈറ്റിനു അര്‍ഹതപ്പെട്ട അവാര്‍ഡിനു പകരം ലാ ലാ ലാന്‍ഡ് പ്രഖ്യാപിക്കപ്പെട്ടത്.


Also read ഇത് കറുത്തവരും മുസ്ലീങ്ങളുമൊക്കെ പരിഗണിക്കപ്പെട്ട ഓസ്‌കാര്‍: ഫലം കണ്ടത് 2016ലെ പ്രതിഷേധം 


ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ലാ ലാ ലാന്‍ഡിനെ മികച്ച ചിത്രമായി പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്കോ അവതാരകരായ വാറന്‍ ബെയ്റ്റിക്കോ ഫായെ ഡുണാവായേക്കോ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പ്രഖ്യാപനത്തിനുശേഷം അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി ലാ ലാ ലാന്‍ഡിന്റെ നിര്‍മ്മാതാക്കാള്‍ വേദിയിലെത്തുകയും ചെയതു. പിന്നീടാണ് പ്രഖ്യാപിക്കപ്പെട്ട അവാര്‍ഡ് മാറിയതായി അവതാരകന്‍ പറയുന്നത്.

മികച്ച ചിത്രം മൂണ്‍ലൈറ്റാണെന്നും മികച്ച നടിക്കുള്ള പുരസ്‌കാരം ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനു പ്രഖ്യപിച്ച ശേഷം പേരെഴുതിയ എന്‍വലപ്പ് മാറ്റിവച്ചതു കൊണ്ടാണ് തെറ്റു പറ്റിയതെന്നും നടനും സംവിധായകനുമായ വാറന്‍ പറഞ്ഞു. ശരിയായ എന്‍വലപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു വാറന്റെ പ്രഖ്യാപനം.

ഇതേതുടര്‍ന്ന് മൂണ്‍ലൈറ്റിന്റെ നിര്‍മ്മാതാക്കള്‍ എത്തി പുരസ്‌കാരം ഏറ്റു വാങ്ങുകയായിരുന്നു.