Categories

ഇറ്റലിയില്‍ ബര്‍ലുസ്‌ക്കോണി വിശ്വാസവോട്ടെടുപ്പ് നേടി

റോം: സാമ്പത്തിക പ്രതിസന്ധിയും ലൈംഗികാരോപണങ്ങളും അതിജീവിച്ച് ഇറ്റാലിയന്‍ പാര്‍ലിമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌ക്കോണി വിജയിച്ചു. ബെര്‍ലുസ്‌കോണിയെ പിന്തുണക്കുന്ന കാര്യത്തില്‍ ഭരണകക്ഷിയായ ഫ്രീഡം പീപ്പിള്‍സ് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കവെ നേടിയ വിശ്വാസ വോട്ടെടുപ്പ് വിജയം ബെര്‍ലുസ്‌കോണിക്ക്് പുതുജീവന്‍ നല്‍കുന്നതാണ്.

630 അംഗ പാര്‍ലിമെന്റില്‍ വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 301നെതിരെ 316 വോട്ടുകള്‍ക്കാണ് ബെര്‍ലൂസ്‌കോണി വിജയിച്ചത്. കേവലഭൂരിപക്ഷത്തിന് 316 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. പാര്‍ലമെന്റില്‍ ഫ്രീഡം പാര്‍ട്ടിക്കും സഖ്യകക്ഷിയായ നോര്‍ത്തേണ്‍ ലീഗിനും കൂടി 293 സീറ്റുകളാണുള്ളത്. ഇറ്റലിയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തപ്പെട്ടതും ചൊവ്വാഴ്ചത്തെ ബജറ്റ് യോഗം പാസാക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് വിശ്വാസ വോട്ടെടുപ്പിലേക്ക് നയിച്ചത്.

നിരവധി സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തു വന്നതിനു പുറമേയാണ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി ബെര്‍ലൂസ്‌കോണിക്ക് തലവേദനയായിരിക്കുന്നത്. ലൈംഗികാരോപണം, കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നിവയുള്‍പ്പെടെയുള്ള നാല് കേസുകളില്‍ ബെര്‍ലൂസ്‌കോണി വിചാരണ നേരിട്ട് വരികയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.