berlin kunhanandan nair ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരു കണ്ണൂര്‍: മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍നിന്ന് രക്ഷിച്ചത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായിയുടെ മകള്‍ക്ക് സ്വാശ്രയ പ്രവേശനത്തിന് സഹായം ചെയ്തത് മുതലാളിമാരാണ്. പാര്‍ട്ടി വിടാന്‍ താനടക്കമുള്ളവര്‍ വി.എസിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നും ബെര്‍ലിന്‍ വ്യക്തമാക്കി.

‘ലീഗിനെ സി.പി.ഐ.എമ്മുമായി സഹകരിപ്പിക്കാന്‍ പാലോളി മുഹമ്മദ്കുട്ടി, ടി. ശിവദാസ മേനോന്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്നു നേതാക്കളെ പിണറായി പാണക്കാട്ടേക്ക് അയച്ചിരുന്നു. പാണക്കാട്ടെ ബിരിയാണി ചര്‍ച്ച പിണറായിയുടെ അടവുനയമായിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കേസില്‍പെട്ടപ്പോള്‍ പിണറായി വിജയനാണ് രക്ഷിച്ചത്. മുസ്‌ലിംലീഗിനെ ഇടത്തോട്ട് കൊണ്ടുവന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി മുന്നണിയുണ്ടാക്കി സ്ഥിരഭരണം നേടാന്‍ കഴിയുമെന്ന അടവുനയം പിണറായി രൂപവത്കരിച്ചിരുന്നു. ഈ നയം നടപ്പാക്കാന്‍ സഹായിക്കാമെന്ന് പാണക്കാട്ടെ അന്നത്തെ തങ്ങള്‍ പിണറായിയെ അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചക്കുവേണ്ടിയാണ് പാലോളി മുഹമ്മദ്കുട്ടിയെയും ശിവദാസമേനോനെയും മറ്റും പാണക്കാട്ടേക്ക് അയച്ചത്. കൂട്ടത്തില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും അതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അടവുനയം നടപ്പാക്കാന്‍ പിണറായിയുടെ ഏജന്റായി പ്രവര്‍ത്തിച്ചത് പി. ശശിയാണ്. പിണറായിയെ സഹായിച്ചതിന് പ്രമോഷനായാണ് അയാളെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയത്. ഈ അടവുനയം പാര്‍ട്ടിയുടെ പുതുക്കിയ പരിപാടിയുടെ അഞ്ചാം ഖണ്ഡികയില്‍ പറയുന്ന, ഭൂരിപക്ഷ,ന്യൂനപക്ഷ വര്‍ഗീയതയോടുള്ള സമീപനത്തിനെതിരാണ്. ഇതിന്റെ ഫലം കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസില്‍നിന്ന് രക്ഷപ്പെട്ടു എന്നതാണ്.

2000ല്‍ പിണറായിയുടെ മകള്‍ക്ക് കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ സീറ്റ് ലഭിച്ചത് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടാണ്. ഇതിന് ഇടനിലക്കാരന്‍ ഞാനായിരുന്നു. മകളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ തമിഴ്‌നാട്ടിലെ വ്യവസായി വരദരാജനായിരുന്നു.

കൂത്തുപറമ്പിലെ അഞ്ചു രക്തസാക്ഷികളുടെ ചോരയുടെ മണം അന്തരീക്ഷത്തില്‍നിന്ന് മായുന്നതിനു മുമ്പാണ് ഇത്. ഇതെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അതൊന്നും നിങ്ങള്‍ നോക്കേണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. അന്ന് പാര്‍ട്ടിയുടെ നയം സ്വാശ്രയ കോളജുകളില്‍ നേതാക്കളുടെ മക്കളെ അയക്കരുതെന്നായിരുന്നു. അതിനെ ലംഘിച്ചാണ് പിണറായി മകള്‍ക്ക് സീറ്റ് നേടിയത്.

കുട്ടിയെ ചേര്‍ക്കാന്‍ കൂടെ പോയത് ഞാനാണ്. പിണറായിയും ഭാര്യയും ഉണ്ടായിരുന്നു. 2000 ജൂലൈ 19ന് വൈകിട്ടത്തെ വണ്ടിക്ക് ഷൊര്‍ണൂരില്‍ പോയിട്ട് അവിടെനിന്ന് പാലക്കാട്ടെ ഒരു മുതലാളിയുടെ കാറിലാണ് പാലക്കാട്ടേക്ക് പോയത്. രണ്ട് വിദേശനിര്‍മിത എ.സി കാറുകള്‍ ഏര്‍പ്പാട് ചെയ്തിരുന്നു.

പാലക്കാട്ട് മുതലാളിയുടെ ഗസ്റ്റ്ഹൗസിലാണ് താമസിച്ചത്. പിറ്റേന്ന് രാവിലെ മുതലാളിയുടെ കാറില്‍ കോയമ്പത്തൂരിനടുത്ത എട്ടിമടൈയിലെ കോളജിലെത്തി. അന്ന് മുതലാളിയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് വലിയ വിരുന്നുണ്ടായിരുന്നു. വൈദ്യുതി ഉപയോഗിച്ച് ഇരുമ്പുണ്ടാക്കുന്ന കമ്പനിയുടെ ഉടമയാണ് മുതലാളി. അതിന് പിണറായി വൈദ്യുതി കൊടുത്തിരുന്നു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

കേരളത്തിലെ വന്‍കിട മുതലാളിമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്വാധീനിക്കാന്‍ പിണറായിയെ അതിരുകവിഞ്ഞ് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ മുതലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. വന്‍കിട മുതലാളിമാര്‍ സ്വന്തംകാര്യം നേടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിക്ഷേപിച്ച മൂലധനമാണ് പിണറായി വിജയന്‍. ഇതിന്റെ പലിശ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.