കണ്ണൂര്‍: തനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോയാല്‍ ജയരാജന് പണം നല്‍കിയതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ജയരാജന്‍ അയച്ച വക്കീല്‍ നോട്ടീസിനു മറുപടിയായി അഡ്വ. സി. കെ. രത്‌നാകരന്‍ മുഖേനെ നല്‍കിയ മറുപടിയിലാണ് ബര്‍ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സി. പി. എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 20,000 രൂപ ചോദിച്ചു വാങ്ങിയെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും ബര്‍ലിന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 19ന് നാറാത്തു നടന്ന സി. പി. എം പൊതുയാഗത്തില്‍ പി. ജയരാജനും എം. വി. ജയരാജനും വിമര്‍ശനം ഉന്നയിച്ച് നടത്തിയ പ്രസംഗത്തിനുള്ള പ്രതികരണമെന്ന നിലയിലാണു ജയരാജനു പണം നല്‍കിയ കാര്യം ബര്‍ലിന്‍ വെളിപ്പെടുത്തിയത്. അച്ചാരം വാങ്ങിയ ചാരനെന്നും മറ്റും ആരോപിച്ചായിരുന്നു പ്രസംഗം. താന്‍ ച്ചാരം പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു പങ്ക് ജയരാജനും കിട്ടിയിട്ടുണ്ടെന്നാണു ബര്‍ലിന്‍ പറഞ്ഞത്.

പി. ജയരാജന്റെ വീടു നിര്‍മ്മാണത്തിനിടെയാണ് 20,000 രൂപ ചോദിച്ചു വാങ്ങിയത്. രണ്ടുതവണയായി ബാങ്ക് മുഖേനെ ചെക്കു നല്‍കിയാണ് പത്തായിരം വീതം നല്‍കിയത്. ഇതിന് ബാങ്ക് രേഖകള്‍ തെളിവാണ്. ഇതുകൂടാതെ ഗൃഹപ്രവേശന വേളയില്‍ 5000 രൂപ ഫാനുകള്‍ വാങ്ങാനായി സമ്മാനമായും നല്‍കി. മറുപടിയില്‍ ബര്‍ലിന്‍ വ്യക്തമാക്കുന്നു.

സി. പി. എം ജില്ലാ സെക്രട്ടറി സ്ഥാനം പരിപാവനമായ ഒരു പദവിയായിട്ടാണു വക്കീല്‍ നോട്ടീസ് പറയുന്നത്. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പദം മഹത്തായ പദവി തന്നെയാണെന്നു താനും വിശ്വസിക്കുന്നു. എന്നാല്‍ അടുത്ത കാലത്തായി രണ്ടു സി. പി. എം ജില്ലാ സെക്രട്ടറിമാരെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ജില്ലാ സെക്രട്ടറി പദവി മഹത്തായ സ്ഥാപനമാണെന്നു പറയാനാകില്ലെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.