കണ്ണൂര്‍: കുഞ്ഞനന്തനല്ല വലിയ അനന്തന്‍ വിചാരിച്ചാലും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. പാര്‍ട്ടിയെ തകര്‍ക്കാനായി ആരില്‍ നിന്നോ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന ചാരനായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കോണ്‍ഗ്രസിന്റെ ചെരുപ്പുനക്കിയാണെന്നും ജയരാജന്‍ പറഞ്ഞു.

‘കുഞ്ഞനന്തന്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുവെന്ന ഹുങ്ക് പറഞ്ഞ് നടക്കുന്നുണ്ട്. ഇയാള്‍ എവിടെ നിന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. പി.കൃഷ്ണപിള്ളയാണ് മെമ്പര്‍ഷിപ്പ് നല്‍കിയത് എന്ന് കുഞ്ഞനന്തന്‍ പറയുന്നു. ഏതെങ്കിലും വ്യക്തിയുടെ പേരില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം. ഇതൊരു പ്രത്യേകതരം പാര്‍ട്ടിയാണ്’. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത എം.വി.ജയരാജനും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. കുഞ്ഞനന്തന്‍ കോണ്‍ഗ്രസിന്റെ ഏഴാം കൂലിയാണ്. ഉമ്മന്‍ചാണ്ടിയുടെയും സുധാകരന്റെയും കൂട്ടാളിയായ കുഞ്ഞനന്തന്‍ സി.പി.ഐ.എമ്മിനെ പുറത്തു നിന്നും നന്നാക്കുന്നുവെന്ന് പറയുന്നു. കോണ്‍ഗ്രസുകാരന്‍ പാര്‍ട്ടിയെ നന്നാക്കാന്‍ വന്നിരിക്കുന്നു-എം.വി.ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ നാറാത്ത് വെച്ച് നടന്ന സഖാവ് പി.കൃഷ്ണപിള്ളദിന പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രണ്ട് ജയരാജന്മാരും ബര്‍ലിനെതിരെ ആഞ്ഞടിച്ചത്. ബര്‍ലിന്‍ കുഞ്ഞന്തന്‍ നായര്‍ക്ക് പോലീസ് സുരക്ഷ നല്‍കാന്‍ നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശംനല്‍കിയിരുന്നു.