Categories

എ.ആര്‍ റഹ്മാന് ബെര്‍ക്ക്‌ലീ അക്കാദമിയുടെ ഹോണററി ഡോക്ടറേറ്റ്

ar rahman2


ബോസ്റ്റണ്‍: ലോകത്തിലെ  മുന്‍നിര സംഗീത അക്കാദമികളില്‍ ഒന്നായ ബോസ്റ്റണിലെ ബെര്‍ക്ക്‌ലീ അക്കാദമി  ഇന്ത്യന്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനെ  ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു.  ഒക്‌ടോബര്‍ 24ന് സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റഹ്മാന് ഡോക്ടറേറ്റ് നല്‍കും.

ഓസ്‌ക്കര്‍ ജേതാവായ റഹ്മാന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമിയില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും അക്കാദമി അറിയിച്ചു. റഹ്മാനെ അക്കാദമിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിക്കാന്‍ കോളേജും വിദ്യാര്‍ത്ഥികളും കാത്തിരിക്കുകയാണെന്നും ബെര്‍ക്ക്‌ലീ പ്രസിഡന്‍ഡ് റോജര്‍ എച്ച് ബ്രൗണ്‍ പറഞ്ഞു.

വരും തലമുറയ്ക്ക് തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി തന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതില്‍ ഏറെ അഭിമാനമുണ്ടെന്നും റഹ്മാന്‍ പറഞ്ഞു. സംഗീതലോകത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു സ്ഥാപനത്തില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ഓസ്‌ക്കറുകള്‍, രണ്ട് ഗ്രാമി അവാര്‍ഡുകള്‍, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, ബാഫ്റ്റ പുരസ്‌ക്കാരം തുടങ്ങിയ ആഗോളതലത്തിലെ ഉന്നത സംഗീത പുരസ്‌ക്കാരങ്ങളെല്ലാം റഹ്മാനെ തേടി എത്തിയിട്ടുണ്ട്.

സ്ലം ഡോഗ് മില്യണര്‍, 127 അവേഴ്‌സ്, എലിസബെത്ത്: ഗോള്‍ഡന്‍ ഏജ്, മില്ല്യണ്‍ ഡോളര്‍ ആം തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയതാണ് റഹ്മാനെ അന്താരാഷ്ട്ര സംഗീതലോകത്ത് പ്രിയ്യപ്പെട്ടവനാക്കിയത്.

Tagged with: