Categories

ലോകറെക്കോര്‍ഡ് ജേതാവ് ബെന്നി പ്രസാദ് യു.എ.ഇയില്‍

ഇന്ത്യന്‍ സംഗീതലോകത്ത് പുതിയ മാനം തീര്‍ത്ത് അന്തര്‍ദേശീയ സംഗീതശ്രേണിയില്‍ പ്രശസ്തനായ ലോകറെക്കോര്‍ഡ് ജേതാവ് ബെന്നി പ്രസാദ് യു.എ.ഇ-യില്‍ സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നു.

ക്രിസ്ത്യന്‍ ട്രെന്‍ഡ്‌സിന്റെയും മന്ന വിഷന്റെയും ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സംഗീതപരിപാടിയായ ബെന്നി പ്രസാദ് ലൈവ് മ്യൂസിക്ക്, ജൂലൈ 23 ശനിയാഴ്ച വൈകീട്ട് 7.30 ന് അബുദാബി ഇവാന്‍ജിക്കല്‍ സെന്ററിലും, ജൂലൈ 25 തിങ്കളാഴ്ച വൈകീട്ട് എട്ടു മണിക്ക് ഷാര്‍ജ വര്‍ഷിപ്പ് സെന്ററിലും നടത്തപ്പെടുന്നു.

അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബെന്നി ഈ രണ്ടു പൊതു പരിപാടികള്‍ക്കു പുറമെ മുസ്സഫ, അജ്മാന്‍ എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലും സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.

ആറര വര്‍ഷംകൊണ്ട് അന്റാര്‍ട്ടിക്ക അടക്കം 245 രാജ്യങ്ങളില്‍ സന്ദര്‍ശിച്ച്, ബെന്നി പ്രസാദ് ഗാനസദസ്സുകള്‍ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ദി വേള്‍ഡ് റെക്കോര്‍ഡ്‌സ് അക്കാദമി യു.എസ്.എ അവാര്‍ഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങി അനവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2004 ഒളിമ്പിക്‌സ്, 2006 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍, 2007 മിലിട്ടറി വേള്‍ഡ് ഗെയിംസ് എന്നിവിടങ്ങളില്‍ പാടിയ ബെന്നി തന്റെ പരിശ്രമഫലമായി പ്രത്യേകം രൂപപ്പെടുത്തിയ ബെന്റാര്‍ എന്ന ഗിത്താര്‍ വായിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. 54 സ്ട്രിംഗ്‌സുകളുള്ള ഈ പ്രത്യേകതരം ഗിത്താറില്‍ കൊട്ടുവാനുള്ള ബോങ്കോ ഡ്രമ്മുകളും ഘടിപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷഭരിതമായ ലോകത്തിന് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ബെന്നി പ്രസാദ് പുതിയ രാജ്യമായ ദക്ഷിണ സുഡാനിലും കഴിഞ്ഞ ആഴ്ചയില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050-3241610, 056-7067106, 050-5370173, 055-3911800 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.