എഡിറ്റര്‍
എഡിറ്റര്‍
വെള്ളത്തിന് തീപിടിക്കുന്ന കാലം; പുകയില്‍ മുങ്ങി ബംഗളൂരു നഗരം
എഡിറ്റര്‍
Saturday 18th February 2017 9:51am

ബംഗളൂരു: നഗരത്തിലെ ബെല്ലാണ്ടൂര്‍ തടാകത്തിനടുത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം ശമിപ്പിച്ചെങ്കിലും തടാകത്തില്‍ നിന്നുമുയരുന്ന പുകപടലം ഇല്ലാതാക്കാന്‍ അധികൃതര്‍ക്കാവുന്നില്ല.

രാസമാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിന്റെ അനന്തരഫലമായാണ് തടാകത്തില്‍ നിന്നും പുക പടരുന്നത്. പഞ്ഞിക്കെട്ടിന് സമാനമായ കനത്ത പുക എങ്ങും പടരുന്നതിനാല്‍ മേഖലയില്‍ വാഹനമോടിക്കാന്‍ പോലും ഡ്രൈവര്‍മാര്‍ക്കു സാധിക്കുന്നില്ല.

ബംഗളൂരുവില്‍ ബെലന്തൂരിനടുത്ത ഇബ്ലൂര്‍ തടാകത്തിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നഗരം ഒന്നാകെ പുകയില്‍ മുങ്ങിയിരുന്നു. രാസമാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് മൂലം ബംഗളൂരുവില്‍ തടാകങ്ങള്‍ക്ക് തീപിടിക്കുന്നത് ഇത് ആദ്യസംഭവമല്ല. ഇതേത്തുടര്‍ന്ന് ഈ മേഖലയില്‍ വന്‍തോതില്‍ വിഷവാതകമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്.

ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബലന്തുരില്‍ ചെറിയ ചെറിയ തീപിടിത്തങ്ങള്‍ പതിവാണെങ്കിലും ഇത്രയും വലിയ തീപിടിത്തം ഇതാദ്യമായാണ്. തീപിടിത്തത്തെ തുടര്‍ന്ന് സണ്‍ സിറ്റി അപ്പാര്‍ട്ട്മെന്റ് ഇബ്ലൂര്‍ ഫ്ളൈ ഓവര്‍ എന്നിവിടങ്ങളിലേക്ക് പുക വ്യാപിക്കുകയായിരുന്നു.

കനത്ത പുക കാരണം തിരക്കേറിയ സര്‍ജാപൂര്‍ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍പോലും പറ്റാത്ത സ്ഥിതിയായിരുന്നു. പ്രദേശവാസികളില്‍ പലര്‍ക്കും ശ്വാസതടസ്സവും അനുഭവപ്പെട്ടു. അഗ്‌നിശമന സേനയത്തെി രാത്രി പത്തോടെയാണ് തീയണച്ചത്.

ഐ.ടി നഗരത്തിലെ ഏറ്റവും വലിയ തടാകമാണ് ബെല്ലാണ്ടൂരിലേത്. സാധാരണയായി തടാകത്തിനു സമീപം വച്ച് മാലിന്യം കത്തിക്കുമ്പോഴാണ് തീ പടരാറുള്ളത്. പക്ഷേ, ഇപ്പോള്‍ തടാകത്തില്‍ നിന്നു തന്നെ പുക ഉയരുന്നത് ജനങ്ങളുടെ ഇടയില്‍ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.

വെളുത്ത നിറത്തിലുള്ള കട്ടിപ്പുക കാരണം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളടക്കം നിരവധിപ്പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇവിടെ പല തരത്തിലുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതിനാല്‍ തന്നെ ഓക്‌സിജന്റെ അളവ് കുറവാണ്. നഗരത്തില്‍ ഇതിന് മുന്‍പ് വര്‍ത്തൂര്‍ ബെലന്തൂര്‍ കസവനഹള്ളി തുടങ്ങിയ തടാകങ്ങളില്‍ വിഷപ്പത ഉയരുകയും തീപിടിക്കുകയും ചെയ്തിരുന്നു.

ചെറുകിട ഫാക്ടറികളില്‍ നിന്നുള്ള വിഷമയമായ രാസവസ്തുക്കളും ഡിറ്റര്‍ജെന്റുകളും ആളുകള്‍ അശാസ്ത്രീമായി തള്ളുന്ന മാലിന്യങ്ങളുമാണ് തടാകങ്ങളെ ഭീതിതമായ നിലയില്‍ എത്തിച്ചത്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു.


Dont Miss നടി ഭാവനയ്ക്ക് നേരെ ആക്രമണം; കാറില്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി 


ഇന്നലെ വൈകിട്ട് ഏകദേശം 5.50ഓടെയാണ് തടാകത്തിന് തീപിടിച്ചതെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. തടാകത്തിലെ പായലുകള്‍ ഉണങ്ങിയിരുന്നത് തീപിടിത്തം എളുപ്പത്തിലാക്കിയെന്ന് സണ്‍ സിറ്റി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡയാന അറിയിച്ചു.

മൂന്ന് മണിക്കൂറിലധികമാണ് ബലന്തുര്‍ തടാകം നിന്നു കത്തിയത്. അന്തരീക്ഷത്തില്‍ വിഷ പുക നിറഞ്ഞതോടെ ആളുകള്‍ വീടുകളില്‍ നിന്നിറങ്ങി ഓടി. ഒരു നിയന്ത്രണവുമില്ലാതെ ഒഴുക്കിവിടുന്ന രാസമാലിന്യങ്ങളാണ് ബംഗളൂരുവിനെ കത്തുന്ന തടാകങ്ങളുടെ നഗരമാക്കുന്നത്.

ബെലന്തൂരിന് പുറമെ രാമപുരം തടാകവും കനാലുകളും രാസമാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫാക്ടറികളില്‍ നിന്നുള്ള മാലിന്യങ്ങളാണ് അധികവും. ജലാശയങ്ങളിലെ മത്സ്യസമ്പത്തും ഇവിടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

രാസമലിനീകരണം കാരണം തടാകത്തില്‍ വെളുത്ത പത നുരഞ്ഞുപൊന്തല്‍ പതിവാണ്. മഴപെയ്താല്‍ ഇത് റോഡിലേക്ക് വ്യാപിച്ച് ഗതാഗതതടസ്സവും ഉണ്ടാവാറുണ്ട്. ചെറുകിട ഫാക്ടറികളില്‍നിന്ന് രാസവസ്തുക്കള്‍ ഒഴുക്കി വിടുന്നതും മാലിന്യം അശാസ്ത്രീയമായി തള്ളുന്നതുമാണ് തടാകത്തെ നശിപ്പിക്കുന്നത്. എന്നാല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. മലിനീകരണം തടയാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേധാവി ലക്ഷ്മണ്‍ അറിയിച്ചു.

അതേസമയം ബെലന്തൂര്‍ തടാകത്തില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ദാവേ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തം സംബന്ധിച്ച് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി), ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു ജലവിതരണ-മലിനീകരണ നിയന്ത്രണ ബോര്‍ഡ് (ബി.ഡബ്‌ളു.എസ്.എസ്.ബി) എന്നിവക്ക്് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എന്‍.എ. ഹാരിസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തടാക കൈയേറ്റങ്ങള്‍ തടയാനുള്ള നിയമസഭ ഉപസമിതി പ്രദേശം സന്ദര്‍ശിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

2015 മെയ് 16 ാം തിയതിയും ബെലന്തൂര്‍ തടാകത്തില്‍ നിന്നും തീ ഉയര്‍ന്നിരുന്നു. അന്നും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

വിഷപ്പുക ഉയര്‍ന്ന സാഹചര്യത്തില്‍ സമീപത്തെ അപ്പാര്‍ട്‌മെന്റുകളില്‍ നിന്ന് ഒഴുക്കിവിടുന്ന മലിനജലം സംബന്ധിച്ച് അധികൃതര്‍ പരിശോധന ടനത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ മിക്കതും കേടാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പതിനാറോളം അപ്പാര്‍ട്‌മെന്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisement