Categories

ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ;85.6% പോളിംഗ്

west-bengal-election-board,west bengal electionകൊല്‍ക്കത്ത: ആറു ഘട്ടങ്ങളായി നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് സമാപിച്ചു. കനത്ത പോളിംഗാണ് രണ്ടാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.  85.6% ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ്് പൊതുവെ സമാധാനപരമായിരുന്നു. മുര്‍ഷിദാബാദ്, നാദിയ, ബീര്‍ഭൂം ജില്ലകളിലെ 50 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

17 മണ്ഡലങ്ങളുള്ള നാദിയ ജില്ലയില്‍ 85.55 ശതമാനവും 11 മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ബീര്‍ഭൂമില്‍ 85.48 ശതമാനവും 22 മണ്ഡലങ്ങളുള്ള മുര്‍ഷിദാബാദില്‍ 84.86 ശതമാനവുമാണ് പോളിങ്. ആദ്യഘട്ടത്തില്‍ 83.75 ശതമാനമായിരുന്നു പോളിങ്. ഒറ്റപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ പോളിങ് സമാധാനപരമായിരുന്നുവെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സുനില്‍ കുമാര്‍ ഗുപ്ത പറഞ്ഞു.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് മൂന്ന് പ്രിസൈഡിങ് ഓഫീസര്‍മാരെ മാറ്റി.
മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി 32 പേരെ പോലീസ് കസറ്റഡിയില്‍ എടുത്തിരുന്നു. 25 പോസ്റ്റല്‍ വോട്ടുകളുമായി സി.പി.എം. ഏജന്റ് പിടിയിലായതായും ഗുപ്ത അറിയിച്ചു. പലാഷിപാര നിയോജകമണ്ഡലത്തിലെ സി.പി.ഐ.എം ഏജന്റിന്റെ കൈയ്യില്‍ നിന്നും 25 പോസ്റ്റല്‍ വോട്ടുകള്‍ കണ്ടെടുത്തെന്നും ഇലക്ഷന്‍ കമ്മീഷന്‍ വക്താവ് പറഞ്ഞു.വോട്ടെടുപ്പിനിടെ 30 ലക്ഷം ലിറ്റര്‍ മദ്യവും 45,000 രുപയും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

93.33ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ജനവിധി തേടുന്ന 293 സ്ഥാനാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്നത്. ആകെ 11,531 പോളിങ്‌സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ആകെയുള്ള 50 മണ്ഡലങ്ങളില്‍ 31 ഇടങ്ങളിലാണ് സി.പി.എം.സ്ഥാനാര്‍ഥികളുള്ളത്. മറ്റു മണ്ഡലങ്ങളില്‍ ഘടകകക്ഷികളാണ് മത്സരിച്ചത്. 29 സീറ്റില്‍ മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 21 മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തു. ബിജെപിയും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് മൂര്‍ഷിദാബാദില്‍ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം മൂന്ന് ജില്ലകളിലുമായി അര്‍ദ്ധസൈനിക വിഭാഗത്തിലെ 480കമ്പനികളെയും വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.