കൊല്‍ക്കൊത്ത: 12 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാള്‍ രാഷ്ട്രീയത്തില്‍ പേര് മാറ്റല്‍ ചര്‍ച്ച വീണ്ടും സജീവമാകുന്നു. ബുധനാഴ്ച്ച നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായി ബംഗാള്‍ മുഖ്യമന്ത്രി മംമ്താ ബാനര്‍ജി പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സഖ്യ കക്ഷിയായ എസ്.യു.സി.ഐ പേരുമാറ്റലിന് എതിരാണെന്നാണ് അറിയുന്നത്.

1974 ലാണ് ആദ്യമായി പേര് മാറ്റല്‍ ചര്‍ച്ച നടക്കുന്നത്. പിന്നീട് 1999 ലും ഇത്തരത്തിലുള്ളി ചര്‍ച്ചകള്‍ നടന്നിരുന്നു. കല്‍ക്കത്തയുടെയും വെസ്റ്റ് ബംഗാളിന്റെയും പേരുകള്‍ മാറ്റണമെന്നായിരുന്നു അന്ന് ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ കല്‍ക്കത്തയുടെ പേര് മാറ്റി. എന്നാല്‍ അതെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. എങ്കിലും ചര്‍ച്ചകളുമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് മംമ്താ സര്‍ക്കാറിന്റെ തീരുമാനം. ഇതുമായി ബന്ധെപ്പെട്ട് പഠനങ്ങള്‍ നടത്താന്‍ പാര്‍ട്ടി ലീഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

‘രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്്, ബംഗോ ഭൂമി, ബംഗ്ല. പേര് മാറ്റലുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആഗസ്റ്റ് 19 ന് നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ചചെയ്യും’ -മംമ്ത പറഞ്ഞു.