കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാരായണ്‍പൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. 44 കാരനായ പികാനി ദുട്ടയാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.

ഇദ്ദേഹത്തിന്റെ കടയ്ക്ക് സമീപമുള്ള ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

”ജി.എസ്.ടി നിലവില്‍ വന്നതോടെ എന്റെ ബിസിനസ് ഇല്ലാതായി. എന്റെ കട അടച്ചുപൂട്ടുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഇപ്പോള്‍ കാണുന്നില്ല. എന്റെ മരണത്തിന് കാരണം ജി.എസ്.ടി മാത്രമാണ് ”- ആത്മഹത്യാക്കുറിപ്പില്‍ ഇദ്ദേഹം ഇങ്ങനെ എഴുതിയായി പൊലീസ് ഉദ്യോഗസ്ഥന്‍ രാംപുരോഹത് പി.എസ് പറഞ്ഞു.


Dont Miss ഞങ്ങള്‍ കൂലിപ്പണിക്കാരും പാവപ്പെട്ടവരുമായതുകൊണ്ടാണോ മകളെ തഴഞ്ഞത്; നിറകണ്ണുകളോടെ ചിത്രയുടെ അച്ഛന്‍ ചോദിക്കുന്നു


പലചരക്ക് കടയുടെ ഉടമസ്ഥനായ ഇദ്ദേഹം ജി.എസ്.ടി ബില്ലിന്റെ വരവോടെ കടുത്ത പ്രതിസന്ധിയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പുതിയ നികുതി വ്യവസ്ഥയുമായി ബിസിനസ് ഒത്തുപോകാതെ വന്നതും കടബാധ്യതയുമാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ജി.എസ് ടി നമ്പര്‍ ഇല്ലാത്തതുകൊണ്ട് ഇദ്ദേഹത്തിന് ഉത്പന്നം വിതരണം ചെയ്യുന്നവര്‍ അത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ വരുമാനമാര്‍ഗവും നിലച്ച അവസ്ഥയിലായിരുന്നു. – ബന്ധുക്കള്‍ പറയുന്നു.

ജി.എസ്.ടി നടപ്പിലായതുമുതലുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും സങ്കീര്‍ണ്ണതകളെ കുറിച്ചും അദ്ദേഹം എപ്പോഴും ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറയുന്നു. ജി.എസ്.ടി വന്നതോടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും വലിയ പണം മുടക്കാന്‍ കഴിയുന്നവര്‍ക്കേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറയുമായിരുന്നു. ഒരു അഭിഭാഷകനുമായി സംസാരിച്ച് വിഷയത്തില്‍ പരിഹാരം കാണണമെന്ന് തങ്ങള്‍ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു- പികാരി ദുട്ടയുടെ അയല്‍ക്കാരനും സുഹൃത്തുമായ വ്യക്തി പറയുന്നു.

അതേസമയം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.