santhosh-trophy-2011ഗുവാഹത്തി: സന്തോഷ് ട്രോഫി പശ്ചിമബംഗാള്‍ നിലനിര്‍ത്തി. മണിപ്പൂരിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 65ാം സന്തോഷ് ട്രോഫി ബംഗാള്‍ നേടിയത്. ബംഗാള്‍ മുപ്പത്തിയൊന്നാം തവണയാണ് സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്.

11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബംഗാള്‍ തുടര്‍ച്ചയായി മൂന്നു തവണ കിരീടമണിഞ്ഞത്. സ്‌ട്രൈക്കര്‍മാരായ ബ്രാങ്കോ കര്‍ഡോസോ 21ാം മിനിറ്റിലും ബുദ്ധിറാം ടുഡു 48ാം മിനിറ്റിലുമാണ് ബംഗാളിനുവേണ്ടി ഗോള്‍ നേടിയത്. 75ാം മിനിറ്റില്‍ നഭചന്ദ്ര സിംഗാണ് മണിപ്പൂരിന് വേണ്ടി ആശ്വാസഗോള്‍ നേടിയത്.

ബ്രാങ്കോ കര്‍ഡോസോയുടെ 21ാം മിനിറ്റിലെ ആദ്യഗോളില്‍ തന്നെ മണിപ്പൂര്‍ മത്സരം കൈവിട്ടു. ഇടവേളക്ക് മുമ്പെ തന്നെ സമ്മര്‍ദ്ദത്തിലായ മണിപ്പൂര്‍ 48ാം മിനിറ്റില്‍ ബുദ്ധിറാം ടുഡു നേടിയ ഗോളോടെ മത്സരം പൂര്‍ണ്ണമായും കൈവിട്ടു.

75ാം മിനിറ്റില്‍ നഭചന്ദ്ര സിംഗ് മണിപ്പൂരിന് വേണ്ടി ആശ്വാസഗോള്‍ നേടിയപ്പോള്‍ മണിപ്പൂര്‍ കളിയിലേക്ക് തിരിച്ചുവന്നെങ്കിലും ലക്ഷ്യം നേടാനായില്ല. വിജയമുറപ്പിച്ച ബംഗാളിനെ അവസാന പതിനഞ്ച് മിനിറ്റ് നന്നായി വെള്ളം കുടിച്ചു.

2002ലെ മത്സരത്തിന് ശേഷം ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിപ്പൂര്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. സര്‍വീസസിനെ തോല്‍പിച്ചാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍ ഫൈനലിലെത്തിയത്.