എഡിറ്റര്‍
എഡിറ്റര്‍
ബംഗാളിലെ കലാപബാധിത മേഖലയില്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് ബി.ജെ.പി നേതാവ്
എഡിറ്റര്‍
Thursday 6th July 2017 9:40am

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കലാപബാധിത പ്രദേശമായ രുദ്രാപൂരില്‍ ബി.ജെ.പിയില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായതായി പാര്‍ട്ടി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ബി.ജെ.പിയ്ക്കു കീഴില്‍ ചേരാനാഗ്രഹമുണ്ടെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തുവന്നതെന്ന് രുദ്രാപൂര്‍ ബി.ജെ.പി ഓഫീസിന്റെ ചുമതല വഹിക്കുന്ന രാംദാസ് താക്കൂര്‍ പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘കഴിഞ്ഞ രണ്ടുദിവസമായി പേടിച്ചരണ്ട ഹിന്ദുക്കള്‍ ഞങ്ങള്‍ക്കരികിലേക്ക് വരികയാണ്. എല്ലാവരും സുരക്ഷിതമായ അഭയകേന്ദ്രമാണ് തേടുന്നത്. മിക്കവരും പറഞ്ഞത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലായി വിഭജിച്ചുപോകുന്നതിനു പകരം തങ്ങള്‍ ബി.ജെ.പിക്കൊപ്പം ഒരുകുടക്കീഴില്‍ നില്‍ക്കുമെന്നാണ്. ഞങ്ങളുടെ മെമ്പര്‍ഷിപ്പ് വന്‍തോതില്‍ വര്‍ധിക്കുകയാണ്.’ രാംദാസ് താക്കൂറിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈ മേഖലയില്‍ പാര്‍ട്ടിയുണ്ടാക്കിയ മുന്നേറ്റം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ടെന്ന് ബാസിര്‍ഹാത് മേഖലയിലെ ബി.ജെ.പി ഓര്‍ഗനൈസേഷണല്‍ സെക്രട്ടറി രാം പ്രസാദ് ബിശ്വാസ് പറയുന്നു.

‘തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു തലവേദനയായി മാറിയിരിക്കുകയാണ് ബി.ജെ.പി. ബധുരിയ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തുഷാര്‍ സിങ് മുസ്‌ലീങ്ങളെ അഭിസംബോധന ചെയ്തു കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തില്‍ അത് വ്യക്തവുമാണ്. ബി.ജെ.പിക്ക് വളരാന്‍ സഹായകരമായ ഒന്നും ഞങ്ങള്‍ ചെയ്യില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തമാണ്.’ അദ്ദേഹം പറയുന്നു.

കലാപബാധിതമേഖലയായ ബധുരിയയില്‍ ഹിന്ദുക്കളും മുസ്‌ലീങ്ങളുമുണ്ട്. ഉള്‍നാടന്‍ പ്രദേശങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലകളും നഗര, അര്‍ധ നഗര മേഖലകള്‍ ഹിന്ദുഭൂരിപക്ഷ മേഖലകളുമാണ്. ബംഗ്ലാദേശ് അതിര്‍ത്തിക്ക് അടുത്താണ് ഈ പ്രദേശമെന്നത് ഇവിടുത്തെ രാഷ്ട്രീയത്തെ വര്‍ഗീയമായി സെന്‍സിറ്റീവാക്കുന്നു.

കലാപമുണ്ടായ രുദ്രാപൂര്‍ ബംഗ്ലാദേശിന് അടുത്താണ്. ഈ മേഖലയില്‍ അടുത്തിടെ ബി.ജെ.പി ശക്തമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ അബ്ദുര്‍ റഹിം ആണ് സിറ്റിങ് എം.എല്‍.എ. 2016ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പിന്തുണയോടെയാണ് അദ്ദേഹം ജയിച്ചത്.

എന്നിരുന്നാലും ഈ മേഖലയില്‍ കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും സ്വാധീനം കുറഞ്ഞുവരികയാണ്. അതേസമയം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ സ്വാാധീനമൊന്നും ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ല. ഈ രാഷ്ട്രീയ ശൂന്യതയിലേക്കാണ് ബി.ജെ.പി കടന്നുവന്നത്.

മേഖലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടുമാസം മുമ്പ് രുദ്രാപൂരില്‍ ബി.ജെ.പി ഓഫീസ് തുറന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനോ, കോണ്‍ഗ്രസിനോ സി.പി.ഐ.എമ്മിനോ ഇവിടെ ഇതുവരെ ഓഫീസ് ഇല്ല എന്നിരിക്കെയാണ് ബി.ജെ.പി ഓഫീസ് തുടങ്ങി പ്രവര്‍ത്തിച്ചത്.

രുദ്രാപൂരിലെ പല മുനിസിപ്പല്‍ വാര്‍ഡുകളും ലക്ഷ്യമിട്ട് ബി.ജെ.പി മുസ്‌ലീങ്ങളെ പ്രീണിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും രുദ്രാപൂരിലെ മറ്റൊരു ബി.ജെ.പി നേതാവ് അവകാശപ്പെടുന്നു. വലിയൊരു വിഭാഗം മുസ് ലീങ്ങള്‍ പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം നിലവിലെ സാഹചര്യത്തില്‍ അവര്‍ നിലപാടുമാറ്റുമോയെന്ന് വ്യക്തമല്ലെന്നും പറഞ്ഞു.


Also Read: മരിച്ച ഭര്‍ത്താവ് തിരിച്ചുവരുമെന്ന് കരുതി ഭാര്യയും മക്കളും മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് മാസത്തോളം; സംഭവം മലപ്പുറത്ത്


ഞായറാഴ്ചയാണ് പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തത്. ബധുരിയയില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് കലാപത്തിനു കാരണമായത്. പോസ്റ്റ് മുസ് ലീം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഞായറാഴ്ച രാത്രി നൂറുകണക്കിന് മുസ് ലീങ്ങള്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു. പോസ്റ്റിട്ട കുട്ടിയെ തങ്ങള്‍ക്കു കൈമാറണം, അല്ലെങ്കില്‍ തൂക്കിക്കൊല്ലണം എന്നാവശ്യപ്പെട്ടായിരുന്നു അവര്‍ രംഗത്തുവന്നത്.

ഇവര്‍ കടകളും വീടുകളും കൊള്ളയടിക്കുകയും വാഹനങ്ങള്‍ക്ക് തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തതോടെ കേന്ദ്രസേനയേയും വിന്യസിച്ചിരുന്നു. ബുധനാഴ്ചയോടെ സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ട്.

Advertisement