ന്യൂദല്‍ഹി: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രികാലയാത്രാനിരോധനം സംബന്ധിച്ച്  കേസില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഇത് സംബന്ധിച്ച് നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

കര്‍ണാടക ദേശീയപാത 212ലെ ഗതാഗതനിരോധനത്തോടൊപ്പം ഊട്ടിമൈസൂര്‍ ദേശീയപാത 67ലും രാത്രികാല ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് കേരളത്തിന്റെ സാമ്പത്തികമേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്കു നയിച്ചിട്ടുണ്ട്. രണ്ടു റൂട്ടിലും രാത്രികാല വാഹനഗതാഗതം വന്യമൃഗങ്ങളുടെ വിഹാരത്തിനു ഭീഷണിയാവുന്നുവെന്ന കാരണം പറഞ്ഞാണ് കര്‍ണാടകമദ്രാസ് ഹൈക്കോടതികള്‍ രാത്രിയാത്ര നിരോധിച്ചത്.. ഊട്ടിമൈസൂര്‍ റൂട്ടില്‍ തൊറപ്പള്ളി മുതല്‍ കക്കനനല്ല വരെയുള്ള 16 കിലോമീറ്ററിലും ശിഖൂര്‍ റൂട്ടില്‍ കല്ലടി മുതല്‍ തൊപ്പക്കാവു വരെ ഏഴുകിലോമീറ്ററിലുമാണ് പുതുതായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

യാത്രാ നിരോധനം അതിര്‍ത്തിഗ്രാമങ്ങളിലെ കാര്‍ഷിക വിപണിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.. കോഴിക്കോട്, കണ്ണൂര്‍, വയനാട് തുടങ്ങിയ വിപണനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു തമിഴ്‌നാട്കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍ തക്കാളി, ഉള്ളി, പച്ചമുളക്, കൂര്‍ക്ക, കക്കിരിക്ക, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തന്‍, വാഴപ്പഴം എന്നിവയും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. അതിര്‍ത്തികടന്നെത്താന്‍ 12 മണിക്കൂറിലധികം വേണമെന്നത് പച്ചക്കറികളും പഴവര്‍ഗങ്ങളും നശിക്കാന്‍ ഇടയാക്കുന്നുണ്ട്.