ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തെക്കുറിച്ചുളള അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിന് തൊട്ട് മുമ്പ് മുങ്ങിയ നാല് സൈനികരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നത്. കൊലപാതകത്തില്‍ പാകിസ്താന്‍ സൈന്യത്തിന് പങ്കുണ്ടെന്ന വാദം ശരിവെയ്ക്കുന്ന വഴിക്കാണ് അന്വേഷണം നടക്കുന്നത്.

2007 ഡിസംബറിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഭൂട്ടോ കൊല്ലപ്പെട്ടത്. ഈ റാലിക്കിടെയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അപ്രത്യക്ഷരായ നാല് സൈനിക ഉദ്യോഗസ്ഥര്‍ വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. കേസില്‍ വിചാരണ നേരിടുന്ന അഞ്ചുപേരുമായി ഈ ഉദ്യോഗസ്ഥര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷനാണ് ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ മാസം അവസാനം അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിദഗ്ദ്ധരും ഉള്‍പ്പെട്ട സംഘമാണ് ഇതിനുമുമ്പ് അന്വേഷണം നടത്തിയത്.