ടുണീസ്: ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് നാടുവിട്ട ടുണീഷ്യന്‍ പ്രസിഡന്റ് ബെന്‍ അലിക്കും ഭാര്യ ട്രാബല്‍സിക്കും ടുണീഷ്യന്‍കോടതി 35 വര്‍ഷത്തെ കഠിനതടവിന് വിധിച്ചു. അഴിമതി, മോഷണം തുടങ്ങിയ കുറ്റാരോപണങ്ങളിലാണ് വിധി. കൂടാതെ 250 ലക്ഷം യൂറോ പിഴയായും അടക്കണം.

ഇദ്ദേഹത്തിനെതിരായ മയക്കുമരുന്ന് കള്ളക്കടത്ത്, ആയുധക്കടത്ത് തുടങ്ങിയ കേസുകളിലെ വിചാരണ ഈ മാസം 30 ന് ആരംഭിക്കും.

23 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബെന്‍ അലിയുടെ ഭരണത്തിനെതിരെ രാജ്യത്ത് വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചത് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ ഇടയായി. എന്നാല്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് വിദേശരാജ്യങ്ങളുടെ കറന്‍സികളും വജ്രങ്ങളും മറ്റും കണ്ടെത്തിയതിനെത്തുടര്‍ന്ന് അലിയെ വിട്ടുകിട്ടാന്‍ ടുണീഷ്യയിലെ വിദേശകാര്യ മന്ത്രാലയം സൗദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

രൂക്ഷമായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ബെന്‍ അലി സൗദി അറേബ്യയിലേക്ക് പലായനം ചെയ്തത്. പലായനത്തെത്തുടര്‍ന്നുവന്ന ഇടക്കാലഗവണ്‍മെന്റ് അലിയുടെ ഭരണം അന്വേഷണവിധേയമാക്കിയിരിക്കുകയാണ്.

അതേസമയം ടുണീഷ്യയിലെ ഇടക്കാലസര്‍ക്കാരിന്റെ ഭരണപരാജയം മറച്ചുവെയ്ക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നാടകമെന്ന് ബെന്‍ അലിയുടെ അഭിഭാഷകന്‍ ആരോപിച്ചു.