Categories

ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ച് വി.ടി ബല്‍റാം

v.t-balram

പാലക്കാട്:   തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വിമര്‍ശിച്ച ഇടുക്കി ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ വി.ടി ബല്‍റാം രംഗത്ത്.

വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നത് കഷ്ടമാണെന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

”ഒരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ എല്ലാവരോടും വോട്ട് ചോദിക്കുക എന്നത് നാട്ടുനടപ്പാണ്. മറ്റ് പാര്‍ട്ടിക്കാരോട് മാത്രമല്ല, എതിര്‍ സ്ഥാനാര്‍ത്ഥികളോട് പോലും വോട്ട് ചോദിക്കാറുണ്ട്. അങ്ങനെ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആരെങ്കിലും കടന്നുവരുമ്പോള്‍ അവരോട് മാന്യമായി പെരുമാറുക എന്നതും നമ്മുടെ നാട്ടില്‍ നിലവിലുള്ള സുജനമര്യാദയുടെ ഭാഗമാണ്. അതിനു പകരം വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണ്.

വോട്ട് ചെയ്തില്ലെങ്കിലും സാരമില്ല, കുറഞ്ഞപക്ഷം പരസ്യമായി അപമാനിക്കപ്പെടില്ല എന്നെങ്കിലും ഉറപ്പുവരുത്തി മാത്രം ഇത്തരക്കാരെ സന്ദര്‍ശിക്കാന്‍ സ്ഥാനാര്‍ത്ഥികളും ശ്രദ്ധിച്ചാല്‍ നന്ന്”- ഇതാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ഠ്യമാണെന്നും വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ തേടിവരുന്നതെന്നും ഇടുക്കി ബിഷപ്പ് പറഞ്ഞിരുന്നു.

രൂപതാ ആസ്ഥാനത്തേക്ക് തന്നെ കാണാനെത്തിയ ഡീനിന്റെ മുന്നില്‍ വെച്ചായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മാര്‍ മാത്യു ആനിക്കാട്ടില്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്.

Tagged with: