ഒറ്റയടിക്ക് 200 കോടിയുടെ ഇരുമ്പയിര് അപ്രത്യക്ഷ്യമാക്കുന്ന ജാലവിദ്യ കാണണമെങ്കില്‍ കര്‍ണാടകയില്‍ തന്നെ പോകണം. റെഢി സഹോദരന്‍മാരുടെ അനധികൃത ഖനനവും ലോകായുക്ത സന്തോഷ് ഹെഗ്‌ഡെയുടെ രാജിയും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഉറങ്ങിപ്രതിഷേധവുമെല്ലാം ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയെ വീണ്ടും വാര്‍ത്തകളിലെത്തിക്കുന്നു.

സംസ്ഥാന ലോകായുക്ത സന്തോഷ് ഹെഗ്‌ഡെയുടെ രാജിയോടെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ ബി ജെ പി സര്‍ക്കാറിന്റെ ശനിദശ തുടങ്ങിയത്. ബെല്ലാരിയിലെ ഖനിമുതലാളിമാരായ റെഢി സഹോദരന്‍മാര്‍ക്കെതിരേ സന്ധിയില്ലാ സന്ധി നടത്തിയാണ് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ സര്‍ക്കാറിന്റെ കണ്ണിലെ കരടായത്. റെഢി സഹോദരന്‍മാരുടെ കടുത്ത സമ്മര്‍ദ്ദം മൂലം ഹെഗ്‌ഡെയുടെ കണ്ടെത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പുല്ലുവിലപോലും കല്‍പ്പിച്ചില്ല. ഖനിമുതലാളിമാരും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള ഒത്തുകളിയില്‍ മനംമടുത്ത് ജൂണ്‍ 23 ന് ഹെഗ്‌ഡെ രാജി നല്‍കുകയായിരുന്നു.

1986 ല്‍ രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ലോകായുക്ത രൂപീകരിക്കുന്നത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുണ്ടാകുമ്പോള്‍ നേരിട്ട് നടപടിയെടുക്കാനുള്ള അധികാരവും (സുവോ മോട്ടോ) ലോകായുക്തക്ക് നല്‍കി. 2006 ല്‍ എന്‍ വെങ്കിടചെല്ലയ്യയുടെ പിന്‍ഗാമിയായി മിതഭാഷിയായ സുപ്രീംകോടതി ജഡ്ജി ഹെഗ്‌ഡെ സ്ഥാനമേറ്റതോടെയാണ് ലോകായുക്തയുടെ പ്രവര്‍ത്തനം ജനങ്ങളിലേക്കെത്താന്‍ തുടങ്ങിയത്. സംസ്ഥാനത്തെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ഹെഗ്‌ഡെ ശക്തമായി രംഗത്തുവന്നു.

ബെല്ലാരിയിലെ നിയമവിരുദ്ധ ഖനനത്തിനെതിരേ തിരിഞ്ഞതാണ് ഹെഗ്‌ഡെയെ ജി ജനാര്‍ദ്ദന റെഢിയുടെയും ജി കരുണാകര റെഢിയുടെയും നോട്ടപ്പുള്ളിയാക്കിയത്.

വടക്കന്‍ കര്‍ണാടക ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ- പുനരധിവാസ കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയും ഹെഗ്‌ഡെ തുറന്നുകാട്ടി. ബി ജെ പി നിയമസഭാംഗത്തെയും ജില്ലാപ്രസിഡന്റിനെയും കൈക്കൂലി വാങ്ങിയതിന് ലോകായുക്തയുടെ നര്‍ദേശത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായി. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിക്കില്ല എന്നുറപ്പായ ഹെഗ്‌ഡെ രാജിവയ്ക്കുകയായിരുന്നു.

ഹെഗ്‌ഡെയുടെ രാജി കര്‍ണാടകയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. രാജിപിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാധാരണ ജനങ്ങളടക്കം പല സംഘടനകളും രംഗത്തെത്തി. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ബി ജെ പി കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. പ്രസിഡന്റ് നിതിന്‍ ഗാഢ്കരിയും സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും ഹെഗ്‌ഡെയുടെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. മുതിര്‍ന്ന നേതാവ എല്‍ കെ അദ്വാനിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ രാജി പിന്‍വലിക്കാന്‍ ഹെഗെഡെ തയ്യാറായി.

എന്നാല്‍ പ്രതിപക്ഷം അടങ്ങാന്‍ തയ്യാറായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ റെഢി സഹോദരന്‍മാര്‍ക്ക് മുന്നില്‍ കീഴടിങ്ങിയെന്ന് അവര്‍ ആരോപിച്ചു. ബെല്ലാരിയില്‍ നടക്കുന്ന നിയമവിരുദ്ധ ഖനനത്തിനെതിരേ നിയമസഭയില്‍ പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങി. നിയമസഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം നിയമസഭയില്‍ ഹെല്‍മറ്റ് ധരിച്ചുവന്നും കിടന്നുറങ്ങിയുമാണ് പ്രതിഷേധിച്ചത്.

അതിനിടെ കര്‍ണാടക പ്രശ്‌നത്തിന്റെ അലയൊലികള്‍ കേന്ദ്രത്തിലും എത്തിത്തുടങ്ങി. വിഷയത്തെക്കുറിച്ച് രാഷ്ട്രപതി കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനോട് വിശദീകരണം തേടിയിട്ടുണ്ട്. റെഢി സഹോദരന്‍മാര്‍ക്കെതിരേ അന്വേഷണം നടത്താനും സംസ്ഥാന സര്‍ക്കാറിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി ജെ പി കേന്ദ്രനേതൃത്വം ആരോപിച്ചു. പ്രത്യാക്രമണവുമായി കോണ്‍ഗ്രസ്സും രംഗത്തെത്തി. റെഢി സഹോദരന്‍മാരുടെ അഴിമതിയുടെ പങ്ക് ബി ജെ പി കൈപ്പറ്റുന്നുണ്ടെന്ന് കോണ്‍ഗ്രസ്സും ആരോപിച്ചു. ഇന്ധനവില വര്‍ധന സൃഷ്ടിച്ച ജനരോഷത്തെ നേരിടാന്‍ ലഭിച്ച സുവര്‍ണാവസരമായാണ് കര്‍ണാടക വിഷയത്തെ കോണ്‍ഗ്രസ് കാണുന്നത്. സംസ്ഥാനസര്‍ക്കാറിനെ അനുകൂലിച്ച ബി ജെ പിയും രംഗത്തെത്തിയതോടെ കര്‍ണാടക വിഷയം ചൂടുപിടിക്കുകയാണ്.