തന്റെ പഴയ ക്ലബ്ബിനോടുള്ള സ്നേഹം മറച്ചുവെക്കാനായില്ല കെര്‍വല്‍സ് ബെല്‍ഫോര്‍ട്ടിന്. മത്സര ശേഷം മൈതാനം വലം വെച്ചു പഴയ ബ്ലാസ്റ്റേഴ്സ് താരം. ഗാലറിയിലിരുന്ന ആരാധകരുടെ കയ്യില്‍ നിന്നും ബ്ലാസ്റ്റേഴ്സ് ജേഴ്സി വാങ്ങിയണിഞ്ഞ് പകരം താനണിഞ്ഞിരുന്ന ജേഴ്സി ഊരി എറിഞ്ഞു കൊടുത്തു. കൂടാതെ ഒരു മഞ്ഞ തൊപ്പിയും വാങ്ങിയണിഞ്ഞു. ആരാധകരോട് നന്ദി പറഞ്ഞാണ് താരം തന്റെ സ്നേഹം പ്രകടിപ്പിച്ചത്.

മത്സരത്തിനായി കൊച്ചിയിലെത്തിയ താരം ഇത്തവണയും ആരാധകരുടെ ഹൃദയം കവര്‍ന്നാണ് മടങ്ങിയത്. ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത താരം കളം നിറഞ്ഞ് കളിച്ചു. അവസാന വിസിലിന് ശേഷം തന്റെ പഴയ ആരാധകരെ മറന്നതുമില്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരം ഇത്തവണ ജേഉ്സിയണിയുന്നത് ജംഷഡ്പൂരിന് വേണ്ടിയാണ്.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ടീമിലെത്താത്തതിന്റെ കാരണം താരം മുന്നെ വ്യക്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഓഫര്‍ തനിക്ക് സ്വീകാര്യമായിരുന്നില്ല. ശേഷം സ്റ്റിന് കോപ്പല്‍ വിളിച്ചു. ഞാന്‍ പോയി. അടുത്ത തവണ ബ്ലാസ്റ്റേഴ്സ് നല്ല ഓഫര്‍ നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായി തിരികെയെത്തും. ബെല്‍ഫോര്‍ട്ട വ്യക്തമാക്കുന്നു. സ്വന്തം വീടുപോലെ തന്നെ പ്രിയ്യപ്പെട്ടതാണ് കൊച്ചി എന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.


Also Read ‘നന്ദി പറയണം ബ്ലാസ്റ്റേഴ്‌സ് റജൂക്കയോട്’; മഞ്ഞപ്പടയുടെ മാനവും ജീവനും കാത്ത റജൂക്കയുടെ സേവ്, വീഡിയോ


എന്നാല്‍ ഇന്നത്തെ മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാനും ജയിക്കാനും സാധിച്ചിരുന്നില്ല. മത്സരത്തിലുടനീളം ഗോളവസരങ്ങള്‍ അനവധി കിട്ടിയിട്ടും ലക്ഷ്യം കാണാന്‍ കേരളത്തിന് സാധിക്കാതെ പോവുകയായിരുന്നു. ഗോള്‍ പൊസഷന്‍ കൂടതലും ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു എന്നിട്ടും ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ സാധിച്ചില്ല.