ബാംഗ്ലൂര്‍: ഭിക്ഷാടനമാഫിയയുടെ കയ്യില്‍ നിന്നും 300 കുട്ടികളെ ബാംഗ്ലൂര്‍ പോലീസ് രക്ഷപ്പെടുത്തി. ഇതില്‍ മൂന്നിലൊന്ന് കുട്ടികളും മൂന്ന് വയസില്‍ താഴെയുള്ളവരാണെന്നതാണ് ഞെട്ടലുണ്ടാക്കുന്ന കാര്യം.

Subscribe Us:

മയക്കമരുന്ന് നല്‍കി ഈ കുട്ടികളെ ദിവസം മുഴുവന്‍ ഭിക്ഷാടനത്തിനായി അയക്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. നഗരത്തിലെ ക്യാമറകള്‍ കാണുമ്പോള്‍ ഈ കുട്ടികള്‍ ഓടുകയാണ് പതിവ്. വലിയ കുട്ടികള്‍ക്ക് ക്യാമറകളുടെ കണ്ണില്‍പെടാതിരിക്കാന്‍ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

രക്ഷപ്പെട്ടവരില്‍ 108 കുട്ടികളും വന്‍തോതില്‍ മയക്ക്മരുന്ന് ഉപയോഗിച്ച് അവശരായ നിലയിലാണ്. രക്ഷപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവരില്‍ പലരും മയക്കത്തില്‍ നിന്നും ഉണര്‍ന്നിട്ടില്ല.

‘ കുട്ടികളുടെ വളര്‍ച്ചയെ ഈ മയക്കുരുന്നുകള്‍ വന്‍തോതില്‍ ബാധിക്കും. എത്രകാലമായി ഇവര്‍ ഇത് ഉപയോഗിച്ചുവെന്നതനുസരിച്ചിരിക്കും ഇതിന്റെ തിക്തഫലം ഇവര്‍ അനുഭവിക്കേണ്ടിവരിക.’  മാഫിയയുടെ കയ്യില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയവരില്‍പെട്ട അനിത കാനൈയ പറഞ്ഞു.

ഈ കുട്ടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍വക അഗതിമന്ദിരങ്ങളിലാണുള്ളത്. ഇവരില്‍ പലര്‍ക്കും വീട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യമില്ലെന്നാണറിയുന്നത്. ‘ എന്റെ രക്ഷിതാക്കളാണ് എന്നെ ഭിക്ഷാടനത്തിനയച്ചത്. വെറും കയ്യോടെ തിരിച്ചുവരരുതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ 200 രൂപയില്‍ താഴെ അവര്‍ക്ക് നല്‍കിയിലാല്‍ അവര്‍ എന്നെ അടിക്കും’ രക്ഷപ്പെട്ട കുട്ടികളിലൊരാള്‍ പറഞ്ഞു.

‘ കൂടെയുള്ള മുതിര്‍ന്നയാളുകള്‍ തങ്ങളുടെ സ്വന്തക്കാരാണോ  എന്ന കാര്യത്തില്‍ പലകുട്ടികള്‍ക്കും യാതൊരു ഉറപ്പുമില്ല. ഇവര്‍ ഇവരുടെ ബന്ധുക്കളാണോ എന്ന കാര്യം ഞങ്ങള്‍ക്കും അറിയില്ല. കുട്ടികള്‍ തങ്ങളുടേതാണെന്നും പറഞ്ഞ് വരുന്ന മിക്കവരുടെ കയ്യിലും യാതൊരു തെളിവുകളുമില്ല.’ കാനൈയ പറഞ്ഞു.

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിന് പിന്നിലെ വന്‍സംഘത്തെ പിടികൂടാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ഏകദേശം 1100 കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു.

‘ ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവയില്‍ ഏറെയും. അത്തരം 9 കേസുകള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്’  ആന്റി ട്രാഫിക്കിംഗ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് കബൂരി പറഞ്ഞു.

കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും കുട്ടികളെ വില്‍പ്പന നടത്തുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് ഓപ്പറേഷന്‍ ‘രക്ഷൈന്റെ ‘  ഒരു ലക്ഷ്യമെന്ന് കാനൈയ പറഞ്ഞു. കുട്ടിയാചകരുടെ എണ്ണം അടുത്തിടെ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കുട്ടികളെ വില്‍പ്പന നടത്തുന്നവര്‍ അറസ്റ്റിലായാലും എളുപ്പം ജാമ്യം നേടി പുറത്തുപോകാമെന്നതാണ് ഈ കുറ്റകൃത്യം വന്‍തോതില്‍ വര്‍ധിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

Malayalam news

Kerala news in English