എഡിറ്റര്‍
എഡിറ്റര്‍
ഫറൂഖാബാദില്‍ ഐ.എ.സി മാര്‍ച്ചിനെതിരെ കോണ്‍ഗ്രസ് അതിക്രമം
എഡിറ്റര്‍
Thursday 1st November 2012 4:10pm

ഫാറൂഖാബാദ്: ഫറൂഖാബാദില്‍ ഐ.എ.സി മാര്‍ച്ചിനെതിരെ കോണ്‍ഗ്രസ് അതിക്രമം. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ മുദ്രാവാക്യം വിളിച്ച് കെജ്‌രിവാള്‍ അനുകൂലികള്‍ നടത്തിയ മാര്‍ച്ചിലേക്ക് ഖുര്‍ഷിദ് അനുകൂലികള്‍ തള്ളിക്കയറി. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

Ads By Google

ഖുര്‍ഷിദിന്റെ മണ്ഡലമായ യു.പിയിലെ ഫാറൂഖാബാദിലാണ് അരവിന്ദ് കെജ്‌രിവാള്‍ അനുകൂലികളും  ഖുര്‍ഷിദ് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടിയത്.

ഖുര്‍ഷിദിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ റാലി തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതോടെ പോലീസ് ഇടപെടുകയായിരുന്നു.

കനത്ത സുരക്ഷാസാന്നാഹം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഖുര്‍ഷിദ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ കെജ് രിവാളിന്റെ സംഘം സഞ്ചരിച്ചിരുന്ന ഒരു കാര്‍ തകര്‍ന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസുകാരും കെജ് രിവാള്‍ അനുകൂലികളും ഏറ്റുമുട്ടി.

ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സക്കീര്‍ ഹുസൈന്‍ ട്രസ്റ്റ് വിഗലാംഗര്‍ക്കുള്ള സഹായധനം വഴിതിരിച്ച് വിട്ട് വന്‍അഴിമതി നടത്തിയെന്ന് കെജ് രിവാള്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരെ ഫറൂഖാബാദിലെത്തി റാലി നടത്തുമെന്നും പ്രഖ്യാപിച്ചു. തുടര്‍ന്നാണ് രോഷാകുലരായ ഖുര്‍ഷിദ് കെജ് രിവാളിനെതിരെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത്. കെജ് രിവാള്‍ ഫാറൂഖാബാദില്‍ പോയ്‌ക്കോട്ടെ, പക്ഷേ എങ്ങനെയാണ് തിരിച്ചുവരികയെന്ന് നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ഫാറൂഖാബാദിലെ ഖുര്‍ഷിദ് അനുകൂലികളും ഭീഷണി മുഴക്കിയിരുന്നു.

ന്യൂദല്‍ഹിയില്‍ നിന്ന് ഇന്നലെ രാവിലെ തീവണ്ടിമാര്‍ഗം ചാര്‍ബാഗിലെത്തിയ കെജ് രിവാള്‍ അവിടെ നിന്ന് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് ഫറൂഖാബാദിലേക്ക് തിരിച്ചത്. യാത്രാമധ്യേ വിവിധ ഭാഗങ്ങളില്‍ ഖുര്‍ഷിദ് അനുകൂലികള്‍ സംഘത്തെ തടഞ്ഞു. പോലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.

അക്രമത്തില്‍ ഖുര്‍ഷിദ് അനുകൂലികള്‍ ഭാരതീയ കിഷന്‍ യൂണിയന്റെ കാര്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അരവിന്ദ് കെജ്‌രിവാള്‍ അനുകൂലികള്‍ ഞാന്‍ സല്‍മാന്‍ ഖുര്‍ഷിദ് എന്ന് ലേബലിലുള്ള തൊപ്പി ധരിച്ചിരുന്നു.

റാലിയിലുടനീളം കറുത്ത് കൊടി പിടിച്ചുകൊണ്ടായിരുന്നു റാലി. എന്നാല്‍ കെജ് രിവാളിന്റെ റാലി തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് റാലി അക്രമാസക്തമായത്. കനത്ത പോലീസ് സുരക്ഷയുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നന്നേ പാടുപെട്ടു.

എന്നാല്‍ ദല്‍ഹിയിലുള്ള ഖുര്‍ഷിദ് ഇന്ന് നടന്ന റാലിയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഖുര്‍ഷിദ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫാറൂഖാബാദ് മണ്ഡലത്തില്‍ കെജ്‌രിവാള്‍ സംഘം മാര്‍ച്ച് നടത്തിയത്.

 

Advertisement