പള്ളിക്കത്തോട്: ആര്‍.എസ്.എസിന്റെ ചാരിറ്റബിള്‍ സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച ചക്ക മഹോത്സവത്തില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പി. ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ചക്കയും ബീഫും ആയിരുന്നു പ്രധാന വിഭവം. കോട്ടയം പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സേവാഭാരതിയ്‌ക്കൊപ്പം അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്നാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരിയും ചടങ്ങില്‍ പങ്കെടുത്തു.

ദേശീയ തലത്തില്‍ സംഘപരിവാര്‍ ബീഫിനെതിരെ വലിയ പ്രചരണങ്ങളും ബീഫ് കഴിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇത്തരത്തിലൊരു ചക്കമഹോത്സവം നടന്നത്.

ഉത്തര്‍പ്രദേശില്‍ ബീഫ് നിരോധിച്ചും ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ അഖ്‌ലാഖ് എന്നയാളെ മര്‍ദ്ദിച്ചുകൊന്നതും വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഈ സമയത്ത് ബീഫ് കഴിക്കുന്നതിന് തങ്ങള്‍ എതിരല്ല എന്നു പറഞ്ഞുകൊണ്ട് ബാലന്‍സ്ഡ് ആയ ഒരു നിലപാടാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചത്.