എഡിറ്റര്‍
എഡിറ്റര്‍
മരുന്നില്‍ ഈച്ചയെ കണ്ടെത്തിയ സംഭവം: കമ്പനിക്കെതിരെ കേസെടുത്തു
എഡിറ്റര്‍
Thursday 27th September 2012 8:50am

കോഴിക്കോട്: കുത്തിവെയ്ക്കാനുള്ള മരുന്നില്‍ ഈച്ചയെ കണ്ടെത്തിയ സംഭവത്തില്‍  ചണ്ഡീഗഢിലെ സര്‍വോദയ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ കേസെടുത്തു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ് കേസെടുത്തത്. മരുന്നിന്റെ ഗുണനിലവാരം കുറയ്ക്കുന്ന രീതിയില്‍ അന്യവസ്തു ചേര്‍ത്തതിനാണ് കേസെടുത്തത്.

Ads By Google

നഗരത്തിന്റെ അഞ്ചിടങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ മരുന്നിന്റെ അറുപത് സാമ്പിളുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മരുന്ന് വില്‍പ്പന നിര്‍ത്തി വെയ്ക്കാന്‍ ഈ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരുന്നില്‍ ഈച്ചയെ കണ്ടെത്തിയതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഈ നടപടി.

ബീച്ചാശുപത്രിയ്ക്ക് സമീപം ഈച്ചയടങ്ങിയ മരുന്ന് കണ്ടെത്തിയ മൂന്ന് മെഡിക്കല്‍ ഷോപ്പുകള്‍, രണ്ട് മൊത്ത വില്‍പ്പന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ എ.കെ രവീന്ദ്രന്‍. കെ. ഷാജി, വര്‍ഗീസ് എന്നിവരടങ്ങിയ സംഘമാണ് സാമ്പിളുകള്‍ പിടിച്ചെടുത്തത്.

നൂറെണ്ണം തികഞ്ഞാല്‍ തിരുവനന്തപുരത്തെ ഡ്രഗ്‌സ് ടെസ്റ്റിങ് ലാബിലേക്ക് പരിശോധനയ്ക്കയക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. ഇതിന് വേണ്ടി കൂടുതല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തും. കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളാണെങ്കില്‍ അവര്‍ക്കെതിരേയും കേസെടുക്കും.

അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. പൊടി രൂപത്തിലാണ് സെര്‍വോസെഫ്-എസ്.ബി എന്ന മരുന്ന് വിപണിയിലിറങ്ങുന്നത്. ചൂടാറിയ വെള്ളം സിറിഞ്ച് ഉപയോഗിച്ച് കുപ്പിയില്‍ കയറ്റി ദ്രാവകരൂപത്തിലാക്കിയ ശേഷമാണ് കുത്തിവെയ്ക്കുക.

ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിലാണ് മരുന്ന് സാധാരണയായി  ഉപയോഗിക്കുന്നത്. അമൃതസറിലെ ഒരു സ്ഥാപനമാണ് ഈ മരുന്ന് വിതരണം ചെയ്യുന്നത്. ഇത് കോഴിക്കോട്ടെ വിപണിയിലെത്തി അംഗീകൃത വിതരണക്കാരിലൂടെയാണോ എന്നതും പരിശോധിക്കും.

Advertisement