പോപ്പ് സംഗീത രാജാവ് മൈക്കല്‍ ജാക്‌സന്റെ ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ജാക്‌സന്‍ ആരാധകര്‍ക്ക് ബാക്കിവച്ച് ഒരു ഗാന റെക്കോര്‍ഡിംങ് നിമിഷമിതാ ലോകത്തിന് മുന്നിലെത്തുകയാണ്. ബീ ഗീസ് എന്ന മ്യൂസിക് ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ ബാരി ഗിബാണ് ജാക്‌സന്റെ ആരാധകര്‍ക്ക് ഈ സര്‍പ്രൈസ് ഒരുക്കുന്നത്.

2002 മൈക്കല്‍ ജാക്‌സനുമൊത്ത് ഗിബ് റെക്കോര്‍ഡ് ചെയ്ത ഒരു ഗാനത്തിന്റെ റെക്കോര്‍ഡിംങ് രംഗമാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഈ ഗാനം ഇത് വരെ റീലീസ് ചെയ്തിട്ടില്ല.

താനും ജാക്‌സനും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും അദ്ദേഹത്തിനുവേണ്ടിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തിറക്കുന്നതെന്നും ഗിബ് പറഞ്ഞു. ഒരേ തരത്തിലുള്ള സംഗീതത്താല്‍ ആകര്‍ഷിക്കപ്പെട്ടവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കിഷ്ടമായിരുന്നു. ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ മനസിലാക്കാന്‍ തുടങ്ങിയതോടെ ഒരു മിച്ചൊരു ഗാനം ചെയ്യുക എന്ന ആഗ്രഹവും വളര്‍ന്നു. അങ്ങനെയാണ് ഈ ഗാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗിബിന്റെ മകന്‍ ആഷ്‌ലി ഗിബാണ് ഈ ദൃശ്യങ്ങള്‍ എടുത്തത്. രണ്ട് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ദൃശ്യമാണിത്. ഒരു കാലത്ത് ബീ ഗീസിന്റെ സ്റ്റുഡിയോകളില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന മിഡില്‍ ഇയര്‍ സ്റ്റുഡിയോയിലാണ് റിക്കോര്‍ഡിംങ് നടന്നത്.