ജിദ്ദ: ജോലിക്കിടയില്‍ കുഴഞ്ഞു വീണ മലയാളി ഒരു മാസത്തോളമായി അബോധാവസ്ഥയില്‍. കൊണ്ടോട്ടി കരിപ്പൂര്‍ ഈത്തച്ചിറ സ്വദേശി ഹംസക്കോയ(45)യാണ് മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്.

നിര്‍ധന കുടുംബത്തിന്റെ അത്താണിയായ ഹംസക്കോയ ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. നാട്ടില്‍ കൂലിപ്പണിക്കാരനായിരുന്ന ഇദ്ദേഹം രണ്ട് ലക്ഷത്തിലധികം രൂപ നല്‍കിയാണ് വിസയെടുത്തത്. ബലദിലെ ഒരു ഹോട്ടലിലായിരുന്ന ജോലി. അവിടത്തെ ശമ്പളത്തില്‍ നിന്ന് പകുതിയോളം വിസയുടെ കടത്തിലേക്കും ബാക്കി നാട്ടിലേക്ക് ചെലവിനും അയച്ചു കൊണ്ടിരിക്കുകയായിരുന്നു. നാട്ടില്‍ അഞ്ചു സെന്റ് സ്ഥലത്ത് പണിപൂര്‍ത്തിയാവാത്ത കൊച്ചു വീടുമാത്രമാണ് ഹംസക്കോയക്കുള്ളത്. നാലു മക്കളില്‍ മൂത്ത രണ്ടു പെണ്‍കുട്ടികളും വിവാഹപ്രായമെത്തി നില്‍ക്കുകയാണ്.

ഹോട്ടലിലെ 18 മണിക്കൂറോളം നീണ്ട ജോലിയും സാമ്പത്തിയ പ്രയാസങ്ങളും മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ചിന്തകളുമെല്ലാമായി ഹംസക്കോയ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ടെന്‍ഷന്‍ കൂടിയത് കാരണമാണ് ഇദ്ദേഹം കുഴഞ്ഞു വീണതെന്ന് കരുതപ്പെടുന്നു. നീണ്ട കാലത്തെ ചികില്‍സ വേണ്ടിവരുമെന്നാണ് ഹംസക്കോയയെ പരിശോധിച്ച ഡോക്ടമാര്‍ അഭിപ്രായപ്പെട്ടത്. തുടര്‍ ചികില്‍സക്കായി നാട്ടില്‍ കൊണ്ടു പോവുന്നതാണ് നല്ലതെന്നും അവര്‍ പറയുന്നു.

എന്നാല്‍ അബോധാവസ്ഥയിലായ ഹംസക്കോയയെ കൊണ്ടുപോവാന്‍ വന്‍ ചെലവ് വഹിക്കേണ്ടിവരും. വിമാനത്തില്‍ ഡോക്ടറും നഴ്‌സും അനുഗമിക്കേണ്ടതുണ്ട്. നാട്ടില്‍ ചികില്‍സക്കും പണം കണ്ടെത്തണം. ഹംസക്കോയ ആശുപത്രിയിലായതു മുതല്‍ കുടുംബം നിത്യജീവിതത്തിനു വഴികാണാതെ കഷ്ടപ്പെടുകയാണ്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ദയനീയ സ്ഥിതിയില്‍ കഴിയുന്ന ഹംസക്കോയയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൊയ്തീന്‍കുട്ടി(0506710189)ബന്ധപ്പെടണം.