എഡിറ്റര്‍
എഡിറ്റര്‍
കണ്‍പീലികളില്‍ കവിത വിരിയാന്‍…
എഡിറ്റര്‍
Sunday 17th August 2014 6:13pm

eye-lash

സൗന്ദര്യത്തിന്റെ പ്രധാന ഘടകമായ മിഴിയിണകള്‍ക്ക് അഴകേകുന്നത് കണ്‍പീലികളാണ്. ഓരോ ഇമയനക്കത്തിലും വീശിയടയുന്ന കണ്‍പീലികളുടെ മാദക സൗന്ദര്യം കവികള്‍ എത്ര മനോഹാരിതയോടെയാണ് വര്‍ണിച്ചിരിക്കുന്നത്.

നീണ്ടിട തൂര്‍ന്ന കണ്‍പീലികള്‍ ഇല്ലെന്നോര്‍ത്ത് സങ്കടപ്പെടുന്ന സുന്ദരിമാര്‍ക്കായി ഇതാ കുറച്ച് സൂത്രവിദ്യകള്‍…

ഭംഗിയുള്ള കണ്‍പീലികള്‍ക്കായി കിടക്കുന്നതിന് മുന്‍പ് അല്‍പം ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടാം. ദിവസവും ഇത് ആവര്‍ത്തിച്ചാല്‍ കറുത്തിട തൂര്‍ന്ന കണ്‍പീലികള്‍ നിങ്ങളുടെ സ്വന്തമാവും.

പുരികത്തിലെ താരന്‍ മൂലം കണ്‍പീലികള്‍ കൊഴിയാന്‍ ഇടയാകാറുണ്ട്. ദിവസവും ചെറിയ ഉള്ളി മുറിച്ച് പുരികത്തില്‍ പുരട്ടുന്നത് താരനകറ്റി കണ്‍പീലികള്‍ കൊഴിയുന്നത് തടയും.

വൈറ്റമിന്‍ ഇ ഓയില്‍ കണ്‍പീലികളില്‍ പുരട്ടുന്നതും കണ്‍പീലികള്‍ കൊഴിയുന്നത് തടഞ്ഞ് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

ഇടക്കിടെ കണ്ണുകള്‍ പച്ചവെള്ളത്തില്‍ കഴുകുന്നത് കണ്‍പീലികളിലെ താരനകറ്റും. വെളിച്ചെണ്ണ തേച്ച് മൃദുവായി തടവുന്നതും കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.

മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന  ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്‍പീലിക്കും ഗുണകരമാണ്. ദിവസവും പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ഇമകളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും.

ഇതിനൊന്നും തീരെ സമയമില്ലാത്തവര്‍ക്ക് കണ്‍പീലികളെ ആകര്‍ഷകമാക്കാന്‍ നിലവാരമുള്ള മസ്‌കാര ഉപയോഗിക്കാം. കണ്‍പീലികള്‍ക്ക് കട്ടി തോന്നിപ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണിത്. ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തയാവാനാണ് ആഗ്രഹമെങ്കില്‍ ഫേക് ഐലാഷസ് ഉപയോഗിക്കാം. വിവിധ നിറത്തിലും കട്ടിയിലുമുള്ള കൃത്രിമ കണ്‍പീലികള്‍ എല്ലാ ബ്യൂട്ടീ സ്‌റ്റോറുകളിലും ലഭ്യമാണ്.

ഇനി കണ്ണാടിയില്‍ നോക്കൂ… കവിത വിരിയുന്ന മിഴിയിണകള്‍ നിങ്ങളും സ്വന്തമാക്കിയില്ലേ?

Advertisement