ബ്യൂട്ടി പാര്‍ലറുകള്‍ ഇപ്പോള്‍ നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ബാര്‍ബര്‍ ഷോപ്പുകളുടെ കാലം ഏതാണ്ട് കഴിയാറായി. കുഗ്രാമങ്ങളില്‍ പോലും ബ്യൂട്ടി പാര്‍ലറുകള്‍ പൊങ്ങിവന്നു കഴിഞ്ഞു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കാത്ത പുരുഷനോ സ്ത്രീയോ ഇന്ന് കുറവാണ്. ബ്യൂട്ടി പാര്‍ലറുകളില്‍ സ്ഥിരമായി കയറിയിറങ്ങുന്നവരോട് ഒന്നു ചോദിക്കട്ടെ, ഇത്തരം സ്ഥാപനങ്ങളിലെ സുരക്ഷിതത്വത്തെക്കുറിച്ച് എന്ത് ഉറപ്പാണ് നിങ്ങള്‍ക്കുള്ളത്.

ബ്യൂട്ടിപാര്‍ലറുകള്‍ രോഗങ്ങള്‍ക്ക് പകരാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ്. സാധാരണ ത്വക്ക് രോഗം മുതല്‍ എഡ്‌സ് വരെ ബ്യൂട്ടി പാര്‍ലറുകള്‍ നിങ്ങള്‍ക്ക് തന്നേക്കാം.

ത്വക്ക് തലമുടി എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണിവിടെ. ബ്യൂട്ടി പാര്‍ലറുകളില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ അലര്‍ജി, ശ്വാസകോഘ രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

എച്ച്.ഐ.വി ഹെപ്പറ്റൈറ്റിസ് ബി.സി തുടങ്ങിയ വൈറസ് ബാധകള്‍ മുടികൊഴിച്ചല്‍ എന്നിവയും ശുചിത്വമില്ലാത്ത ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും പകര്‍ന്നു കിട്ടാം.
മുഖക്കുരു, അരിമ്പാറ, പാലുണ്ണി തുടങ്ങിയവ നീക്കം ചെയ്യാന്‍ നിങ്ങള്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കാറുണ്ട്. അവ നീക്കം ചെയ്യാനുപയോഗിക്കുന്ന റിമൂവര്‍ ശുചിയുള്ളതല്ലെങ്കില്‍ അണുബാധ തീര്‍ച്ചയാണ്. ചെറിയ അശ്രദ്ധയ്ക്കുപോലും വലിയ വില നല്‍കേണ്ടിവരും.
അതിനാല്‍ ഇനി ബ്യൂട്ടി പാര്‍ലറുകളിലേക്ക് പോകുമ്പോള്‍ അവ വൃത്തിയും ശുചിത്വവും ഉള്ളതാണോ എന്നും അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സ്പിരിറ്റില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണം.