ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നിപ്പില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബി.സി.സി.ഐ, ക്യാപ്റ്റന്‍ ധോണിയും വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ രംഗത്തെത്തി.

താരങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബോര്‍ഡ് ഇന്നലെയാണ് മലക്കം മറിഞ്ഞ് തര്‍ക്കം പരിഹരിക്കാനൊരുങ്ങുന്നത്. ഇരുതാരങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സെക്രട്ടറി സജ്ജയ് ജഗ്ദലയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Subscribe Us:

ധോണിയും സെവാഗുമായും കോച്ച് ഡങ്കന്‍ ഫഌച്ചറുമായും ആദ്യവട്ടം സംസാരിച്ച ജഗ്ദലെ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് ഒത്തിണക്കത്തോടെ കളിക്കാന്‍ ഇരുതാരങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ടീമില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെടുത്താന്‍ ധോണിയോടും സെവാഗിനോടും സംയുക്തമായി പത്രസമ്മേളനം നടത്താനും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ബോര്‍ഡ് അധികൃതരാരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവുകയോ വാര്‍ത്ത നിഷേധിക്കുകയോ ചെയ്തിട്ടില്ല.

മൂന്ന് സീനിയര്‍ താരങ്ങള്‍ക്ക് റൊട്ടേഷന്‍ ഏര്‍പ്പെടുത്താനുള്ള ബോര്‍ഡിന്റെ തീരുമാനമാണ് അഭിപ്രായഭിന്നതയ്ക്ക് വഴിവെച്ചത്. സീനിയര്‍ താരം ഗൗതം ഗംഭീറാണ് ആദ്യം ധോണിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ധോണി ജയം വൈകിപ്പിക്കുന്നെന്നും അനാവശ്യമായി കളി അവസാന ഓവര്‍ വരെ എത്തിക്കുന്നുവെന്നുമായിരുന്നു ഗംഭീറിന്റെ ആരോപണം.

അതിനുശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , വീരേന്ദര്‍ സെവാഗ് , ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങള്‍ക്ക് റൊട്ടേഷന്‍ ഏര്‍പ്പെടുത്തിയ നടപടിയും ഏറെ ചര്‍ച്ചാവിഷയമായി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന സി.ബി സീരീസില്‍ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ മൂവരും ഒരുമിച്ച് കളിച്ചിട്ടില്ല.

യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിന്റെ ഭാഗമായാണ് റൊട്ടേഷന്‍ നടപ്പാക്കിയതെന്ന് ആദ്യം പറഞ്ഞ ധോണി, ഫീല്‍ഡിങ്ങില്‍ സച്ചിനും സെവാഗും ഗംഭീറും വേണ്ടവിധം ശോഭിക്കാത്തതിനാലാണ് റൊട്ടേഷന്‍ ഏര്‍പ്പെടുത്തിയതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ നിലപാടിനെ സെവാഗ് പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Malayalam News

Kerala News In English