ന്യൂദല്‍ഹി: നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ സഹാറ ഗ്രൂപ്പും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന് പരിഹാരമായി. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സറായി സഹാറ ഗ്രൂപ്പ് തുടരും. സഹാറയുടെ ഉടമസ്ഥതയിലുള്ള പുണെ വാരിയേഴ്‌സ് ഐ.പി.എല്‍ അഞ്ചാം പതിപ്പില്‍ കളിക്കുകയും ചെയ്യും.

സഹാറയ്ക്കുവേണ്ടി ഐ.പി.എല്‍ അഞ്ചാം പതിപ്പിന്റെ താരലേലം ഫെബ്രുവരി 29 വരെ നീട്ടാന്‍ ബി.സി.സി.ഐ. തയ്യാറായിട്ടുണ്ട്. അര്‍ബുധ ബാധിതനായി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജ്‌സിങിന് പകരം മറ്റൊരു താരത്തെ തിരഞ്ഞെടുക്കാനും ബി.സി.സി.ഐ. സമ്മതിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ഫീ കുറയ്ക്കണമെന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്.

പതിനൊന്ന് വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ സഹാറ ബി.സി.സി.ഐ.യുമായി 2013 ഡിസംബര്‍ 31 വരെയുണ്ടായിരുന്ന 532 കോടി രൂപയുടെ കരാറില്‍ നിന്നാണ് പെട്ടന്നാണ് പിന്‍മാറിയത്. സഹാറ ഗ്രൂപ്പിന് ബി.സി.സി.ഐ വേണ്ട പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സഹാറ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ റദ്ദാക്കിയത്. ഈ കരാര്‍ അനുസരിച്ച് ഇന്ത്യന്‍ ടീമിന്റെ ഒരോ മത്സരത്തിനും സഹാറ 3.34 കോടി രൂപയാണ് ബി.സി.സി.ഐ.യ്ക്ക് നല്‍കേണ്ടിയിരുന്നത്.

Malayalam News

Kerala News In English