എഡിറ്റര്‍
എഡിറ്റര്‍
ബി.സി.സി.ഐ ബോര്‍ഡില്‍ നിന്നും ഇന്ത്യ സിമന്റ്‌സ് ജീവനക്കാരെ നീക്കി
എഡിറ്റര്‍
Monday 31st March 2014 7:14pm

bcci

മുംബൈ: സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ബി.സി.സി.ഐ ബോര്‍ഡില്‍ നിന്നും  ഇന്ത്യ സിമന്റ്‌സ് ജീവനക്കാരെ നീക്കി. ഇന്ത്യ സിമന്റ്‌സിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരെയും നീക്കം ചെയ്തതായി ബി.സി.സി.ഐ വ്യക്തമാക്കി.

ഇന്ത്യന്‍ ടീം ലോജിസ്റ്റിക് മാനേജര്‍ എം.എ സതീഷ്,  ഐ.പി.എല്‍ മുഖ്യ ധനകാര്യ ഓഫീസര്‍ പ്രസന്ന കണ്ണന്‍, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ അനുയായിയുമായിരുന്ന കാശി വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി ആര്‍.എ പളനി, വൈസ് പ്രസിഡന്റും ശ്രീനിവാസന്റെ അഭിഭാഷകനുമായ പി.എസ് രാമന്‍ എന്നിവരും നീക്കം ചെയ്യപ്പെട്ടവരില്‍ ഉല്‍പ്പെടുന്നു.

ഐ.പി.എല്‍ വാതുവെപ്പ് വിവാദവുമായുള്ള കേസിനെത്തുടര്‍ന്ന് ഇന്ത്യ സിമന്റസിലെയോ അനുബന്ധ കമ്പനികളിലെയോ ജീവനക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗമാകരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്ത്യ സിമന്റ്‌സില്‍ ജോലി ചെയ്യുന്ന കളിക്കാരും കമന്റേറ്റര്‍മാരും ക്രിക്കറ്റ് ബോര്‍ഡില്‍ തുടരുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍.ശ്രീനിവാസനെ മാറ്റി ഐ.പി.എല്‍ ഏഴാം സീസണ്‍ മത്സരങ്ങളുടെ ചുമതല  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന് നല്‍കി കൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നത്. ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനാണ് ഭരണകാര്യങ്ങളിലുള്ള ചുമതല.

Advertisement