കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ക്കായി കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന സൗകര്യങ്ങളില്‍ ബി സി സി ഐ സംതൃപ്തി രേഖപ്പെടുത്തി. സ്റ്റേഡിയത്തിലെ സൗകര്യവികസനമടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനെത്തിയ സംഘമാണ് ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയത്.

എന്നാല്‍ സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ ഇനിയും പുരോഗതിയുണ്ടാകണമെന്നും കെ സി എയ്ക്ക് ഇതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ടീം മാനേജ്‌മെന്റിലെ പ്രധാനിയും ഓഹരി ഉടമയുമായ വിവേക് വേണുഗോപാല്‍ അറിയിച്ചു. ടീമില്‍ മൂന്നു മലയാളി താരങ്ങളെങ്കിലും കളിക്കുമെന്നും ഇതിനായുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും വിവേക് വ്യക്തമാക്കി.

ബി സി സി ഐ സംഘവും കൊച്ചി ഐ പി എല്‍ ടീം ഉടമകളുമാണ് ഇന്ന് സ്റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തിയത്. 114 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തിലൊരുക്കുക. ഗ്രൗണ്ടില്‍ പുതിയ ടര്‍ഫ് സ്ഥാപിക്കണമെന്നും ഫഌ്‌ലൈറ്റ് മാറ്റിസ്ഥാപിക്കണമെന്നും ബി സി സി ഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈമാസം 28ന് ബി സി സി ഐയുടെ സംഘം സ്റ്റേഡിയത്തില്‍ വീണ്ടും പരിശോധന നടത്തും. ഈ പരിശോധനയ്ക്കുശേഷം സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. അതിനിടെ ബി സി സി ഐയും കൊച്ചി ഐ പി എല്‍ ടീം ഉടമകളും തമ്മില്‍ നിര്‍ണായക കരാര്‍ ഒപ്പിടുമെന്നും റിപ്പോര്‍ട്ടുണ്ട്.