ന്യൂദല്‍ഹി: കൊച്ചി ഐ പി എല്‍ ടീമിന് ബി സി സി ഐ പിരിച്ചുവിടല്‍ നോട്ടീസ് അയച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നുചേര്‍ന്ന ഐ പി എല്‍ ഭരണസമിതിയാണ് കൊച്ചി ടീമിന്റെ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞിരിക്കുന്നത്.

ടീമിന്റെ ഓഹരിഉടമകളെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പ് ബി സി സി ഐ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായി ടീമിന്റെ രജിസട്രേഷന്‍ നടത്താനോ ടീമിന്റെ ഉടമകളുമായി ധാരണയിലെത്താനോ കഴിഞ്ഞിരുന്നില്ല. 25 % ഓഹരിയുള്ള ഗെയ്‌ക്കെവാദ് കുടുംബത്തിന്റെ കടുംപിടുത്തമാണ് ടീമിന് വിനയായത്.

ഗെയ്‌ക്കെവാദ് കുടുംബത്തിന്റെ ഓഹരി 10 ശതമാനമാക്കി കുറക്കണമെന്ന് മറ്റ് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അവര്‍ തയ്യാറായില്ല. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാനായി തിരുവനന്തപുരം എം പി ശശി തരൂര്‍ നേരിട്ട് ഇടപെട്ടുവെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

അതിനിടെ റെന്‍ഡ്യൂവു സ്‌പോര്‍ട്ടിംഗ് വേള്‍ഡുമായി ഐ പി എല്‍ മുന്‍ ഭരണസമിതിയംഗം സുനില്‍ ഗാവസ്‌കറിനുണ്ടായ ബന്ധം തിരിച്ചടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ടീമിലെ ആഭ്യന്ത്രപ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചാല്‍ കൊച്ചിടീമുമായി സഹകരിക്കുമെന്നും ഗാവസ്‌കര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.