Categories

ടീമില്‍ ഒരു പ്രശ്‌നവുമില്ല: ബി.സി.സി.ഐ

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ട് ബി.സി.സി.ഐ നിഷേധിച്ചു. ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

മാധ്യമങ്ങള്‍ പൊലിപ്പിക്കാന്‍ വേണ്ടി മാത്രം തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് പലതും. വീരേന്ദര്‍ സെവാഗ് ധോണിയ്‌ക്കെതിരെ നടത്തിയ പ്രസ്ഥാവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ബി.സി.സി.ഐ എല്ലാകാര്യങ്ങളും ടീം മാനേജ്‌മെന്റ്മായി സംസാരിക്കാറുണ്ട്. എന്നാല്‍ ഇതുവരെ യാതൊരു പ്രശ്‌നവും ടീമിലുള്ളതായി അവര്‍ പറഞ്ഞിട്ടില്ലെന്നും ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അഭിപ്രായപ്പെട്ടു.

പുതിയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി വരുത്തിയ റൊട്ടേഷന്‍ സംവിധാനം ടീമംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം വരുത്തുന്നുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് ഇന്നലെ പറഞ്ഞിരുന്നു.  ഫീല്‍ഡിങ്ങും റൊട്ടോഷന്‍ സംവിധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും താനുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ഫീല്‍ഡിങ്ങില്‍ തിളങ്ങാത്തതാണ് റൊട്ടേഷന്‍ സംവിധാനം പ്രയോഗിക്കാന്‍ കാരണമായതെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി  പറഞ്ഞതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നുമായിരുന്നു സെവാഗിന്റെ വാദം.

സി.ബി. സീരിസില്‍ ശ്രീലങ്കയ്‌ക്കെതിരേ ചൊവ്വാഴ്ച നടന്ന മത്സരത്തിലാണ് ധോണിയും സേവാഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തെത്തിയത്. മത്സരത്തിനു തൊട്ടുമുന്‍പ് വ്യത്യസ്ത ടീം പട്ടികയുമായി ഇരുവരുമെത്തിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. ധോണി യുവതാരം രോഹിത് ശര്‍മയെ കളിപ്പിക്കാന്‍ താല്‍പര്യപ്പെട്ടപ്പോള്‍ മൂന്നു സീനിയര്‍ താരങ്ങളെയും ഒരുമിച്ചു കളിപ്പിക്കാനാണു സേവാഗ് ഇഷ്ടപ്പെട്ടത്. ധോണിക്കു വിലക്കു മൂലം കളിക്കാനാകാതിരുന്ന മത്സരത്തില്‍ സേവാഗാണ് ഇന്ത്യയെ നയിച്ചത്. അഭിപ്രായ വ്യത്യാസം ഡ്രസിംഗ് റൂമില്‍ വച്ചു തന്നെ പറഞ്ഞു തീര്‍ക്കാന്‍ ബി.സി.സി.ഐ. ഉന്നതര്‍ ഇവരോട് ആവശ്യപ്പെട്ടതായാണു ് അറിയുന്നത്

എന്നാല്‍ റൊട്ടേഷന്‍ ധോണിയുടെ മാത്രം തീരുമാനമല്ലെന്നും ടീം ഇലവനെ തീരുമാനിക്കുന്നത് മാനേജ്‌മെന്റാണെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ക്യാപ്റ്റനും ടീം മാനേജരും കോച്ചും ചേര്‍ന്നാണ്. അല്ലാതെ ഇതൊന്നും ഒരാളുടെ മാത്രം തീരുമാനത്തില്‍ വരുന്നതല്ല. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കാനായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത ശരിയല്ലെന്നും ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ പറഞ്ഞു.

കളിക്കാര്‍ രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നതെന്ന് എപ്പോഴും ഓര്‍ക്കണം. അതുകൊണ്ടു തന്നെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്നു പറഞ്ഞു തീര്‍ക്കാനും ശ്രദ്ധിക്കണം ന്യൂഡല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ കപില്‍ ചൂണ്ടിക്കാട്ടി.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.