എഡിറ്റര്‍
എഡിറ്റര്‍
കോഹ്‌ലിയുടെ പ്രതികരണം അന്യായമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ; പക്വതയുള്ള താരമാണ് ഇന്ത്യന്‍ നായകനെന്ന് തിരിച്ചടിച്ച് ബി.സി.സി.ഐ
എഡിറ്റര്‍
Wednesday 8th March 2017 6:16pm


മുംബൈ: ഡി.ആര്‍.എസ് വിവാദം ക്രിക്കറ്റ് താരങ്ങളില്‍ നിന്നും ഇരു ടീമുകളുടേയും ബോര്‍ഡുകളിലേക്ക് പടരുകയാണ്. വിരാട് കോഹ്‌ലിയുടെ പ്രതികരണം അന്യായമാണെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സി.ഇ.ഒ ജെയിംസ് സന്‍ഡര്‍ലാന്‍ഡിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യന്‍ നായകന് പിന്തുണയുമായി ബി.സി.സി.ഐയും രംഗത്തെത്തിയിരിക്കുകയാണ്.

ടീമിനും നായകനുമൊപ്പം ബി.സി.സി.ഐ നില്‍ക്കുന്നുവെന്നും വിവാദത്തിന് കാരണമായ വീഡിയ പലവട്ടം കണ്ടു, അതില്‍ നിന്നും മനസ്സിലായത് ന്യായം ടീം ഇന്ത്യയ്‌ക്കൊപ്പമാണന്നാണ്. അതിനാല്‍ വിരാടിനൊപ്പം നില്‍ക്കുന്നു എന്നുമാണ് ബി.സി.സി.ഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

പക്വതയുള്ള താരമാണ് കോഹ്‌ലിയെന്നും അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ടെന്നും ബി.സി.സി.ഐ പറഞ്ഞു. മൈതാനത്ത് എന്നും മാന്യമായി പെരുമാറുന്ന താരമാണ് വിരാടെന്നും ബി.സി.സി.ഐ അഭിപ്രായപ്പെട്ടു. കോഹ്‌ലിയുടെ തീരുമാനം ശരി വയ്ക്കുന്നതായിരുന്നു അമ്പയറുടെ തീരുമാനമെന്നും ബി.സി.സി.ഐയുടെ കുറിപ്പില്‍ പറയുന്നു.

മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സ്റ്റീവ് സ്മിത്ത് സമ്മതിച്ചതും ഐ.സി.സി കണക്കിലെടുക്കണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഇന്ത്യ മാച്ച് റഫറിയെ സമീപിച്ചിരിക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ മാച്ച് റഫറിയുടെ നിലപാട് വ്യക്തമാക്കും. പരമ്പരയിലെ അടുത്ത മത്സരങ്ങള്‍ ക്രിക്കറ്റിന്റെ സ്പിരിറ്റ് നഷ്ടപ്പെടാതെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.സി.സി.ഐ വ്യക്തമാക്കി.


Also Read: ‘ആ വഞ്ചകന്‍ ഞങ്ങളുടെ മകനല്ല’; ഐ.എസ് തീവ്രവാദിയായ മകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പിതാവ്


ബംഗളൂരു ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് പുറത്തായതും തുടര്‍ന്ന് വിവാദ സംഭവങ്ങള്‍ അരങ്ങേറുന്നതും. പുറത്തായ സ്മിത്ത് ഡി.ആര്‍.എസ് ചോദിക്കണമോ എന്ന് ഡ്രസിംഗ് റൂമിലേക്ക് നോക്കി ചോദിക്കുകയായിരുന്നു. തുടര്‍ന്ന് സ്മിത്തിന്റെ ആക്ഷന്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തുകയായിരുന്നു. അമ്പയറുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു രംഗം ശാന്തമായത്.

വിവാദത്തില്‍ സ്മിത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ഓസീസ് താരങ്ങളായ ക്ലര്‍ക്ക്, ആദം ഗില്‍ക്രിസ്റ്റ്, മുന്‍ ഇന്ത്യന്‍ താരം സൗരവ്വ് ഗാംഗുലി തുടങ്ങിയവര്‍ സ്മിത്തിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

Advertisement