മുംബൈ: കേരളത്തില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരു ടീം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഏറെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ വാദപ്രതിവാദങ്ങള്‍ക്കുശേഷം ബി സി സി ഐ ഭരണസമിതി ടീമിന് അംഗീകാരം നല്‍കി. ഇതോടെ ഐ പി എല്‍ നാലാംസീസണില്‍ കളിക്കാന്‍ കൊച്ചി ടീമിന് സാധിക്കും.

ഓഹരിയെക്കുറിച്ചുള്ള പ്രശ്‌നങ്ങളായിരുന്നു കൊച്ചി ടീമിനുമുന്നില്‍ കടമ്പയായിരുന്നത്. ടീമിലെ പ്രതിസന്ധികള്‍ പരിഹരിച്ചു എന്നറിയിച്ച് റൊണ്‍ഡിവു കണ്‍സോര്‍ഷ്യം ബി.സി.സി.ഐക്ക് കത്തു നല്‍കിയിരുന്നു. റൊണ്‍ഡിവുവിന്റെ കൈവശമുള്ള 25% വിയര്‍പ്പോഹരി 10% മായി കുറയ്ക്കാന്‍ തയ്യാറായതാണ് പ്രതിസന്ധി തീര്‍ത്തത്. പുതിയ ഓഹരിക്രമം അനുസരിച്ച് റെന്‍ഡ്യൂവസ് സ്‌പോര്‍ട്‌സ് വേള്‍ഡ് വിട്ടുകൊടുത്ത 16 ശതമാനം ഓഹരി നിക്ഷേപകര്‍ തമ്മില്‍ വിഭജിക്കും.

കൊച്ചി ടീം ഇനിമുതല്‍ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുമെന്നും കണ്‍സോഷ്യം നേരത്തേ ബി സി സി ഐ യെ ബോധ്യപ്പെടുത്തിയിരുന്നു. പുതുക്കിയ ഓഹരിഘടന പ്രകാരം വിവേക് വേണുഗോപാല്‍ അടക്കമുള്ളവരുടെ ഓഹരിവര്‍ധിക്കും. നിലവില്‍ ഒരുശതമാനം ഓഹരിയാണ് വിവേകിനുള്ളത്. ഇത് നാലുശതമാനമായി വര്‍ധിക്കും.

ടീമിന്റെ ഓഹരിഉടമകളെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പ് ബി സി സി ഐ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ടീമിന്റെ രജിസട്രേഷന്‍ നടത്താനോ ടീമിന്റെ ഉടമകളുമായി ധാരണയിലെത്താനോ കഴിഞ്ഞിരുന്നില്ല. 26 % ഓഹരിയുള്ള ഗെയ്‌ക്കെവാദ് കുടുംബത്തിന്റെ കടുംപിടുത്തമാണ് ടീമിന് വിനയായത്.

ഗെയ്‌ക്കെവാദ് കുടുംബത്തിന്റെ ഓഹരി 10 ശതമാനമാക്കി കുറക്കണമെന്ന് മറ്റ് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അവര്‍ തയ്യാറായില്ല. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാനായി തിരുവനന്തപുരം എം പി ശശി തരൂര്‍ നേരിട്ട് ഇടപെട്ടുവെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല.