ലണ്ടന്‍: ചെലവുചുരുക്കലിന്റെ ഭാഗമായി പ്രമുഖ മാധ്യമ സ്ഥാപനമായ ബി.ബി.സി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍) രണ്ടായിരം പേരെ വിവിധ വിഭാഗങ്ങളില്‍നിന്നായി പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആകെ ബജറ്റില്‍ 20 ശതമാനം വെട്ടികുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ മാര്‍ക് തോംപ്‌സണ്‍ പറഞ്ഞു.

ഡെലിവറിംഗ് ക്വാളിറ്റി ഫസ്റ്റ് എന്ന പേരില്‍ നടപ്പാക്കാനുദ്ദ്യേശിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ചെലവുചുരുക്കല്‍ നടപടികള്‍. പിരിച്ചുവിടല്‍വഴി 1.3 ബില്യണ്‍ പൗണ്ട് ലാഭിക്കാമെന്നാണ് കമ്പനി കരുതുന്നത്. വൈറ്റ് സിറ്റിയിലെ കെട്ടിടകോംപ്ലക്‌സുകള്‍ വിറ്റഴിക്കാനും ബിബിസി ആലോചിക്കുന്നുണ്ട്.

Subscribe Us:

സാമ്പത്തികപ്രശ്‌നങ്ങള്‍ ബിബിസിയെ മൊത്തത്തില്‍ ബാധിച്ചുവെന്നാണ് വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ പിരിച്ച് വിടല്‍ പദ്ധതിയെന്നും പറയപ്പെടുന്നുണ്ട്. നിലവില്‍ 22,900 ജീവനക്കാരാണ് ബിബിസിയ്ക്കുള്ളത്. എന്നാല്‍ നിര്‍ബന്ധിത പിരിച്ചുവിടലിന് തൊഴിലാളി യൂണിയനുകള്‍ എതിരാണ്.

ഇത് പുതിയ സമരപരമ്പരയ്ക്കു വഴിവച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. ഡെലിവറിംഗ് ക്വാളിറ്റി ഫസ്റ്റ് എന്ന പേരില്‍ നടപ്പാക്കാനുദ്ദ്യേശിക്കുന്ന പദ്ധതി ആദ്യം ജോലിയും ക്രമേണ ബി.ബി.സിയെയും തന്നെ നശിപ്പിക്കുമെന്ന് സാങ്കേതിക വിദഗ്ധരുടെ തൊഴിലാളി സംഘടനയായ ബെക്ടുവിന്റെ ജനറല്‍ സെക്രട്ടറി ജെറി മോറിസറി പറഞ്ഞു.