കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ ബെയര്‍ ക്രോപ് സയന്‍സ് മാരകകീടനാശിനികളുടെ നിര്‍മാണം നിര്‍ത്തുന്നു. 2012 ഓടുകൂടി ലോകാരോഗ്യസംഘടനയുടെ ക്ലാസ് വണ്‍ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ കീടനാശികളുടെയും നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്ന് ബെയര്‍ അറിയിച്ചു.

ദശാബ്ദങ്ങളായി ഈ മാരക കീടനാശികള്‍ക്കെതിരെ സമരം ചെയ്യുന്ന ലോകമെമ്പാടുമുള്ള പരിസ്ഥിതിസംഘടനകളുടെയും വിജയമാണിതെന്ന് കൂട്ടുകക്ഷിമന്ത്രിസഭാംഗം ഫിലിപ്പ് മിംകെന്‍സ് പറഞ്ഞു. എന്നാല്‍ 2000ത്തോടെ എല്ലാ ക്ലാസ് 1 കീടനാശിനികളും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് വഞ്ചിച്ചവരാണ് ബെയര്‍ എന്ന കാര്യം നമ്മള്‍ വിസ്മരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരോധനം നിലവില്‍വന്നാല്‍ നിരവധി ജീവന്‍ രക്ഷപ്പെടും. ഈ മാരകവസ്തുക്കളില്‍ നിന്നും ലഭിക്കുന്ന ലാഭം നന്നായി കുറഞ്ഞതിനുശേഷം മാത്രമാണ് കമ്പനി ഉല്പാദനം നിര്‍ത്താന്‍ തയ്യാറായതെന്നത് ഞെട്ടിക്കുന്നതാണെന്നും മിംകെന്‍സ് വ്യക്തമാക്കി.

നിരോധനം ഏര്‍പ്പെടുത്താന്‍ ബെയര്‍ വൈകിയെങ്കിലും തങ്ങള്‍ അത് സ്വാഗതം ചെയ്യുന്നുവെന്ന് നാഷണല്‍ കണ്‍വേണര്‍ ഓഫ് അലിയന്‍സ് ഫോര്‍ സസ്‌റ്റൈനിള്‍ ആന്റ് ഹോളിസ്റ്റിക് അഗ്രികള്‍ചറിലെ കവിത കുറുഗാണ്ടി പറയുന്നു. നമ്മുടെ കൃഷിക്ക് ഈ മാരകകീടനാശിനികള്‍ ആവശമില്ലെന്നതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ട്. കൃഷിക്ക് കീടനാശിനികള്‍ ഉപയോഗിക്കുന്നത് കര്‍ഷകര്‍ നിര്‍ത്തിയപ്പോള്‍ അവരുടെ വരുമാനം വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

ലോകത്തുള്ള കീടനാശിനി മാര്‍ക്കറ്റിന്റെ 20% വും ബെയറിന്റേതാണ്. വര്‍ഷം 25 ദശലക്ഷം ആളുകള്‍ക്ക് കീടനാശിനി ബാധയേല്‍ക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 40,000 ആളുകള്‍ ഒരു വര്‍ഷം ഇത്തരത്തില്‍ മരിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.