ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം ബയേണ്‍ മ്യൂണിക്കിന്
DSport
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം ബയേണ്‍ മ്യൂണിക്കിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2013, 10:50 am

[]ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍്ട്ട്മുണ്ടിനെ പരാജയപ്പെടുത്തി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്  സ്വന്തമാക്കി.  മത്സരം ഇഞ്ചുറി ടൈമിലേക്ക് കടക്കവെ ആര്യന്‍ റോബനെന്ന മാന്ത്രിക ഫുട്‌ബോളര്‍ നേടിയ  ഗോളാണ് 2-1 എന്ന ആധികാരിക ജയം നേടാന്‍ ബയേണ്‍ മ്യൂണിക്കിനെ സഹായിച്ചത്.   പിന്നീട് കളി തീരുന്നത് വരെ ഗ്യാലറിയില്‍ നിന്ന് മുഴങ്ങി കേട്ട പേര് റോബന്‍, റോബന്‍ എന്നത് മാത്രമായിരുന്നു.[]

ദേശീയ ടീമിലെ ഏകദേശമെല്ലാ കളിക്കാരേയും മൈതാനത്ത് അണിനിരത്തിയാണ് ബയേണ്‍ മ്യൂണിക്കും, ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഫൈനലില്‍ കൊമ്പു കോര്‍ക്കാനിറങ്ങിയത്.  മെസ്യൂട്ട് ഒസിലും സമി ഖെദീരയും ലൂക്കാസ് പൊഡോള്‍സ്‌കിയും പോലുള്ള ചുരുക്കം താരങ്ങളൊഴികെ, ജര്‍മനിയുടെ ഫുള്‍ ടീം കളിക്കളത്തിലുണ്ടായിരുന്നു.

ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറെയും, ഫിലിപ് ലാമിനെയും പോലുള്ള സീനിയര്‍ താരങ്ങള്‍ മുതല്‍ മാര്‍ക്കോ റൂസിനെയും കെവിന്‍ ഗ്രോസ്‌ക്രൂട്‌സിനെയും പോലുള്ള യുവതാരങ്ങള്‍ വരെ മൈതാനത്ത് അണിനിരന്നപ്പോള്‍ കീരീട വിജയം ജര്‍മന്‍ താരങ്ങള്‍ക്ക് സ്വന്തമാവുകയായിരുന്നു. ആരു വിജയിച്ചാലും അത് ജര്‍മന്‍ ആരാധകര്‍ക്ക് ആര്‍പ്പ് വിളിക്കാനുള്ള അവസരമാണ് ഒരുക്കിയത്.

ആര്യന്‍ റോബനെന്ന കളിക്കാരന്റെ മിന്നുന്ന പ്രകടനമാണ് കളിയിലുടനീളം കാണാനായത്. കളിക്കളത്തില്‍ നിറഞ്ഞു കളിച്ച റോബനെ എതിരാളികള്‍ക്ക് അത്ര പെട്ടന്ന് പിടിച്ച് കെട്ടാനായില്ല.

കളിയുടെ ആദ്യ സമയങ്ങളില്‍ ഡോര്‍ട്ട്മുണ്ടിനായിരുന്നു വ്യക്തമായ ആദ്യപത്യമുണ്ടായിരുന്നത്. നിരവധി ഗോള്‍ അവസരങ്ങള്‍ ഈ സമയങ്ങളില്‍ ഡോര്‍ട്ട്മുണ്ടിന് ലഭിച്ചെങ്കിലും വലയിലെത്തിക്കാന്‍ ഡോര്‍ട്ട്മുണ്ട് കളിക്കാര്‍ക്കായില്ല. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഇരു ടീമുകളും വ്യക്തമായ ആധിപത്യത്തോടെ കളിയിലേക്ക് തിരിച്ച് വരവ് നടത്തി.

കളിയുടെ രണ്ടാംപകുതിയില്‍ ബയേണ്‍ മ്യൂണിക്കിനായിരുന്നു ആധിപത്യം. 59ാം മിനിട്ടില്‍ ആര്യന്‍ റോബന്‍ തൊടുത്ത സുന്ദരമായ ക്രോസില്‍ നിന്ന് മരിയോ മാന്‍സൂക്കിച്ചാണ് ബയേണിന്  വേണ്ടി ആദ്യഗോള്‍ ഗോള്‍ നേടിയത്.

എന്നാല്‍ പിന്നീട് കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഡോര്‍ട്ട്മുണ്ട് 67ാം മിനിട്ടില്‍ ലഭിച്ച പെനാലിറ്റിയിലൂടെ ഗോള്‍ മടക്കി. ബോക്‌സിനുള്ളില്‍ ബയേണിന്റെ ഡാന്റെ, മാര്‍ക്കൊ റൂസിനെ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാലിറ്റി കിക്ക് വിധിച്ചത്.

പിന്നീടങ്ങോട്ട് ഗോള്‍ നേടാനുള്ള  ശ്രമങ്ങള്‍ മാത്രമായിരുന്നു ഇരു ടീമും കാഴ്ച്ചവെച്ചത്. ഇഞ്ചുറി ടൈമിലേക്ക് പ്രവേശിച്ച കളിയില്‍ ആരും പ്രതീക്ഷക്കാത്ത സമയത്ത് റോബന്‍ എതിരാളികളെ കബളിപ്പിച്ച ഷോട്ട് ഗോളിയെ മറികടന്ന് വലയിലെത്തിച്ചതോടെ ചാമ്പ്യന്‍സ് ലീഗ്  കിരീടത്തില്‍ ബയേണ്‍ മ്യൂണിക് മുത്തമിട്ടു.

വെബ്ലിയില്‍ നടന്ന മത്സരത്തിന്  ജര്‍മന്‍ ടീമുകള്‍ മാത്രം മാറ്റുരയ്ക്കുന്ന ആദ്യഫൈനല്‍ എന്ന പ്രത്യേകത  കൂടിയുണ്ടായിരുന്നു. നാലുവര്‍ഷങ്ങള്‍ക്കിടെ രണ്ടുതവണ കിരീടം നഷ്ടമായ ബയേണ്‍ കഠിന പോരാട്ടത്തിലൂടെയാണ് കിരീടം നേടിയത്. കളിയില്‍ ആരു ജയിച്ചു എന്നല്ല കീരീടം നേടിയതാരെന്ന ചോദ്യത്തിന് ജര്‍മന്‍ ക്ലബ്ബെന്ന ഉത്തരം മാത്രമായിരിക്കും മറുപടിയുണ്ടാവുക.