ഭാവന വധുവായ് അഭിനയിച്ചതിന്റെ സന്തോഷത്തിലാണ്. സിനിമയിലെത്തിയിട്ട് എട്ട് വര്‍ഷം കഴിയാറായി. അതിനിടയില്‍ എത്ര എത്ര വേഷങ്ങള്‍, ഭാവങ്ങള്‍ രൂപങ്ങള്‍! കാമുകിയായിട്ടുണ്ട് മിക്കപ്പോഴും. ഡോക്ടറായിട്ടുണ്ട്, കോളേജ് കുമാരിയായിട്ടുണ്ട്, ഭാര്യ ആകാനും കഴിഞ്ഞു. ഇതൊക്കെയായെങ്കിലും ഇതുവരെ  വിവാഹം കഴിക്കാന്‍ മാത്രം കഴിഞ്ഞിട്ടില്ലായിരുന്നു.

എന്നെങ്കിലും ആ മഹായോഗം സംഭവിക്കുമെന്നറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് ഭാവന പോലും പ്രതീക്ഷിച്ചുകാണില്ല.നീലസാരിയുടുത്താണ് ഭാവന കതിര്‍മണ്ഡപത്തില്‍ എത്തിയത്.

കുടുംബശ്രീ ട്രാവല്‍സാണ് ഭാവനയുടെ ഭാവനയിലുണ്ടായിരുന്ന വിവാഹരംഗം ഒരുക്കിയത്. ജയറാമാണ് വരനായെത്തുന്നത്. രംഗം ചിത്രീകരിച്ചപ്പോള്‍ ഭാവനയുടെ മുഖത്ത് ആയിരം സൂര്യന്‍ ഒരുമിച്ചുദിച്ചപോലെയായിരുന്നെന്നാണ് കണ്ടുനിന്നവര്‍ പറഞ്ഞത്. ഇത് വരാന്‍ പോകുന്ന മഹാ വിവാഹത്തിന്റെ റിഹേഴ്‌സലാണെന്നാണ് നടി പറഞ്ഞത്.

എന്നാല്‍ വിവാഹം കഴിച്ച് ഒരുപാട് പരിചയമുള്ള ജയറാം പറയുന്നത് കുടുംബശ്രീ ട്രാവല്‍സിലേത് ആശയക്കുഴപ്പമുണ്ടാക്കിയ ഒരു വിവാഹസീനാണെന്നാണ്. ആശയക്കുഴപ്പം എന്താണെന്ന് പറഞ്ഞില്ല.
ചിത്രത്തില്‍ ഭാവന നങ്ങ്യാര്‍കൂത്ത് കലാകാരിയും ജയറാം ചാക്യാര്‍കൂത്ത് കലാകാരനുമായാണെത്തുന്നത്.