Administrator
Administrator
ബട്‌ല ഹൗസില്‍ അര്‍ധരാത്രി റെയ്ഡ്: എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Administrator
Saturday 18th February 2012 10:48am

ന്യൂദല്‍ഹി: ജാമിയ നഗറിലെ ബട്‌ല ഹൗസില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എട്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. ദല്‍ഹി പോലീസിന്റെ ബംഗ്ലാദേശ് സെല്ലില്‍ നിന്നുള്ളവരാണ് സസ്‌പെന്‍ഷനിലായത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. പോലീസ് ബാട്‌ല ഹൗസിലെത്തുമ്പോള്‍ പ്രദേശവാസികളെല്ലാം ഉറക്കത്തിലായിരുന്നു. ഒരു വനിതാ പോലീസ് ഉള്‍പ്പെടെ എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബാട്‌ല ഹൗസിലുള്ള ഒരു കെട്ടിടത്തില്‍ പ്രവേശിച്ച പോലീസ് അവിടെയുള്ളവരെ വിളിച്ചുണര്‍ത്തുകയായിരുന്നു.  വാതില്‍ തുറന്നപ്പോള്‍ പോലീസിനെയാണ് കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായി.  പോലീസുകാരില്‍ രണ്ട് പേര്‍ മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിലേക്ക് തങ്ങള്‍ക്കൊപ്പം വരണമെന്ന് പോലീസ് ഇവരോട് പറഞ്ഞു. അര്‍ധരാത്രി എന്തിനാണ് തങ്ങളെ അറസ്റ്റു ചെയ്തുകൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോള്‍ പോലീസ് വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

‘ കെട്ടിടത്തിന്റെ താഴെ നിലയിലും ഒന്നാം നിലയിലുമുള്ളവരെയാണ് പോലീസ് പിടികൂടിയത്. പച്ചക്കറി കച്ചവടക്കാരനായ റുഷ്താം ഖാന്‍, അദ്ദേഹത്തിന്റെ ഭാര്യ രവീണ, മറ്റൊരു കുടുംബത്തിലുള്ള ബക്കര്‍ മെഹ്ബൂബ്, അദ്ദേഹത്തിന്റെ ഭാര്യ ഖഫീല, സല്‍മാന്‍, വസീം, അസ്‌ലം, കൊല്‍ക്കത്ത സ്വദേശികളായ രണ്ടുപേര്‍, ചില ബീഹാര്‍ സ്വദേശികള്‍ എന്നിവരെയാണ് പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്.’ സാമൂഹ്യപ്രവര്‍ത്തകനായ ഹമീദ് അലി പറഞ്ഞു.

തങ്ങളെ കള്ളക്കേസില്‍ കുടുക്കിയേക്കുമോയെന്ന് ഭയന്ന് പിടികൂടിയവരില്‍ ചിലര്‍ സഹായം അഭ്യര്‍ത്ഥിച്ച് അപായസൂചന നല്‍കി. ‘ അലാറം ശബ്ദം കേട്ട് അടുത്ത വീട്ടുകാര്‍ എഴുന്നേറ്റു. പോലീസ് ബലം പ്രയോഗിച്ച് നാട്ടുകാരെ കൊണ്ടുപോകുന്നതാണ് ഇവര്‍ കണ്ടത്. എന്തിനാണ് ഇവരെ കൊണ്ടുപോകുന്നതെന്ന് ചോദിച്ച് അവര്‍ പോലീസ് വണ്ടി തടഞ്ഞു’ അലി കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയ ഒരാള്‍ സ്ഥലം സ്റ്റേഷന്‍ ഹൗസ് ഓഫീസറെ വിവരമറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിവെച്ചെന്നും നാട്ടുകാര്‍ പറയുന്നു.

പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തിയ നാട്ടുകാര്‍ പോലീസുകാര്‍ക്കെതിരെ പരാതി നല്‍കി. ബംഗ്ലാദേശി സ്വദേശികളായ പ്രദേശവാസികളെ പിടികൂടാനാണ് പോലീസ് എത്തിയതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.  സംഭവത്തിന്റെ ഗൗരവം മനസിലാക്കി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായ എട്ടുപേരെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

രണ്ടു ദിവസം മുമ്പ് ഇസ്രായേല്‍ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന പേരില്‍ യുവാക്കളെ പിടികൂടാന്‍ പൊലീസ് നടത്തിയ ശ്രമം ബട്‌ല ഹൗസില്‍ നാട്ടുകാര്‍ വിഫലമാക്കിയിരുന്നു.

2008 സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടാന്‍ ബട്‌ല ഹൗസില്‍ പോലീസ് ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം നാട്ടുകാരില്‍ ചിലരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും, സാമൂഹ്യപ്രവര്‍ത്തകരും ശക്തമായി രംഗത്തെത്തിയിരുന്നു. ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ആരോപണമുണ്ട്. മുസ്‌ലീംകള്‍ ഏറെയുള്ള പ്രദേശമാണിത്.

Malayalam News

Kerala News In English

Advertisement