ബാംഗ്ലൂര്‍ : ബത്തേരി-ബാംഗ്ലൂര്‍ റോഡില്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രി കാല ഗതാഗത നിരോധനം തുടരാന്‍ കോടതി വിധി. കര്‍ണാടക ഹൈക്കോടതിയുടെതാണ് വിധി. നിരോധനം നീക്കണമെന്ന കേരളത്തിന്റെ റിവ്യൂ പെറ്റിഷന്‍ കോടതി തള്ളി.

നേരത്തെ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു ഗതാഗത നിരോധനം. ഈ സമയക്രമത്തില്‍ മാറ്റമില്ല. കഴിഞ്ഞ ജൂണ്‍ 27നാണ് ഗതാഗത നിരോധനം പ്രാബല്യത്തില്‍ വന്നത്. കേരള സര്‍ക്കാറിനൊപ്പം മറ്റ് സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

ബത്തേരി-ഗൂഡല്ലൂര്‍ റോഡിന് സമാന്തരമായുള്ള മാനന്തവാടി റോഡ് ആറ് മാസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കാന്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.