കൊല്‍ക്കൊത്ത: മുതിര്‍ന്ന സി പി ഐ എം നേതാവ് ജ്യോതിബസുവിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി. സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വൈകിട്ട് കൊല്‍ക്കൊത്തയിലെത്തും.

ബസുവിന്റെ മകന്‍ ചന്ദനും ഭാര്യ രാഖിയും മറ്റു ബന്ധുക്കളും ഇന്നലെ രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. ബസുവിന്റെ രക്തസമ്മര്‍ദ്ദം വന്‍ തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കളെ വിളിപ്പിച്ചത്. ബസുവിന്റെ ആരോഗ്യനില അതീവ ഗുരുതരമായെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. ബസുവിന്റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നീ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റിട്ടുണ്ടെന്ന് ഇന്നലെ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.