ന്യൂദല്‍ഹി:വംഗനാടിന്റെ ജനനായകന് തേങ്ങുന്ന ഹൃദയത്തോടെയും വിപ്ലവ മുദ്രാവാക്യങ്ങളോടെയും ബംഗാള്‍ ഇന്ന് വിട നല്‍കും. ബസുവിന്റെ ഭൗതികശരീരം ഇന്ന് രാവിലെ ഏഴരയ്ക്ക് വിലാപയാത്രയായി ബംഗാള്‍ സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ വയസ്സിനെ പ്രതിനിധീകരിച്ച് 96 ചെങ്കൊടികളേന്തിയ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വിലാപയാത്രയായി മൃതദേഹം പാര്‍ട്ടി ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്. എട്ട് മണി മുതല്‍ ഒന്‍പത് വരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം പത്തരയോടെ നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെക്കും.

ബാസുവിനെ സ്‌നേഹിക്കുന്ന പതിനായിരങ്ങള്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പെടെ ഏഷ്യയില്‍ നിന്നുളള നിരവധി നേതാക്കള്‍ അന്തിമോപചാരമര്‍പ്പിയ്ക്കാനെത്തുന്നുണ്ട്. നാല് മണിക്ക് വിലാപയാത്രയായെത്തി എസ് എസ് കെ എം ആശുപത്രിക്കു മൃതദേഹം കൈമാറും.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രതിരോധ മന്ത്രി എ കെ ആന്റണി, വിദേശ കാര്യ മന്ത്രി എസ് എം കൃഷ്ണ, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ തിങ്കളാഴ്ച ഡല്‍ഹിയിലെ എ കെ ജി ഭവനിലെത്തി കമ്യൂണിസ്റ്റ് ആചാര്യന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

ബസുവിന്റെ നിര്യാണത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അനുശോചിച്ചു. മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്ന ബസുവിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ബസുവിന്റെ മരണം ലോക തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കി. കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ നേതാവ് ഗെന്നഡി സ്യുഗാനോവ് സി പി ഐ എം നേതൃത്വത്തിന് അനുശോചനസന്ദേശം അയച്ചു. യുഎസ്എസ്ആറിന്റേയും റഷ്യയുടേയും നല്ല സുഹൃത്തായിരുന്ന ബസുവിന്റെ നിര്യാണം ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍, റഷ്യ, ചൈന, ക്യൂബ, ലാവോസ്, വിയറ്റ്‌നാം, ശ്രീലങ്ക വെനസ്വേല, ഉത്തര കൊറിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ എ കെ ജി ഭവനിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി മാധവ്കുമാര്‍ നേപ്പാളും വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസും ബസുവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയേക്കുമെന്ന് സി പി ഐ എം വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലെ തന്നെ തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും 23 വര്‍ഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു ഞായറാഴ്ച രാവിലെ 11.47 ഓടെയാണ് അന്തരിച്ചത്. ബസുവിന്റെ മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠന ആവശ്യത്തിനായാണ് ആശുപത്രിക്ക് വിട്ട് നല്‍കുന്നത്.