കൊല്‍ക്കൊത്ത: അതീവ ഗുരുതരാവസ്ഥയില്‍ കൊല്‍ക്കത്തയിലെ എ എം ആര്‍ ഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സി പി ഐ എം നേതാവിന് ഇനി ഒരു ചിരിച്ചുവരവിന് സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നു. ബസുവിന്റെ അഞ്ച് പ്രധാന ശാരീരികാവയവങ്ങളുടെ പ്രവര്‍ത്തനം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നിലച്ച രീതിയിലാണുള്ളത്.

ബസുവിന്റെ ജീവന്‍ നിലനിര്‍ത്താനായി പരമാവധി ജീവന്‍ രക്ഷാ സംവിധാനങ്ങളാണ് കഴിഞ്ഞ രാത്രി മുതല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് പേസ് മേക്കര്‍ ഉപയോഗിച്ചുതുടങ്ങി. വ്യക്കയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഹീമോ ഡയാലിസിസ് മൂലം രക്ത സമ്മര്‍ദ്ദനില അപകടകരമായി താഴുന്നതിനാല്‍ സ്ലോ എഫിഷെന്‍സി ഡയാലിസിസ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലുംആരോഗ്യം അനുവദിക്കാതിരുന്നതിനാല്‍ അര മണിക്കൂര്‍ മാത്രമേ നടത്താന്‍ സാധിച്ചുള്ളൂ. കൃത്രിമ ഓക്‌സിജന്റെ അളവ് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

ബസുവിന് അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എ എം ആര്‍ ഐ ആശുപത്രിയിലെത്തിക്കൊണ്ടിരിക്കയാണ്. ആരോഗ്യനില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് ബസുവിന്റെ അടുത്ത ബന്ധുക്കളെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.