എഡിറ്റര്‍
എഡിറ്റര്‍
നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 12,900 ആക്കണം ബാലരാമന്‍ കമ്മീഷന്‍. അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റുകള്‍
എഡിറ്റര്‍
Thursday 3rd May 2012 10:50am

തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ സ്റ്റാഫ് നേഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 12,900 ആക്കണമെന്ന്‌  ഡോ. എസ്. ബാലരാമന്‍ കമ്മിറ്റി റപ്പോര്‍ട്ട് നിര്‍ദേശിച്ചു. എട്ട് മണിക്കൂര്‍ വിതമുള്ള മൂന്ന് ഷിഫ്റ്റ് എന്ന സമ്പ്രദായം നടപ്പാക്കണമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റിപ്പോര്‍ട്ട് മുന്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്റെ സാന്നിധ്യത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് കൈമാറി. റിപ്പോര്‍ട്ട് പഠിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയ്ച്ചു.

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജനുവരിയിലാണ് മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ്.ബാലരാമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്. നേഴ്‌സുമാരുടെ നിലവിലെ അവസ്ഥയില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് കമ്മിറ്റി കണ്ടെത്തി. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം ബാങ്ക് വഴി നല്‍കണമെന്നും നേഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെയ്ക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. നേഴ്‌സുമാരെ ട്രെയിനികളായി നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും അടിയന്തരമായി ഇത് നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറുയുന്നു. പുതുതായി നിയമിക്കുന്ന നേഴ്‌സുമാരുടെ ട്രെയ്‌നിങ് നാല് മുതല്‍ ആറ് ആഴ്ച്ച വരെ മാത്രം ആക്കണം. ആശുപത്രി സാഹചര്യങ്ങളായി പൊരുത്തപ്പെടാനാണ് ഇത്.

സര്‍ക്കാര്‍ മേഖലയിലെ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ കുറച്ചാണ് സ്വകാര്യ മേഖലയിലെ സ്റ്റാഫ് നേഴ്‌സുമാര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം പരിചയമുള്ള സീനിയര്‍ സ്റ്റാഫ് നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 13,650 രൂപയും 300 രൂപ ഇന്‍ക്രിമെന്റും നിര്‍ദേശിക്കുന്നു. ഹെഡ്‌നേഴ്‌സുമാര്‍ക്ക് 15,150 രൂപയും 350 രൂപ ഇന്‍ക്രിമെന്റും. ഡെപ്യൂട്ടി നേഴ്‌സുമാരുടെ ശമ്പളം 17,740 രൂപയും 400 രുപ ഇന്‍ക്രിമെന്റും നേഴ്‌സിംങ് സൂപ്രണ്ടിന് 19,740 രൂപയും 450 രൂപ ഇന്‍ക്രിമെന്റും നേഴ്‌സിംങ് ഓഫീസര്‍ക്ക് 21,360 രൂപയും 500 രൂപ ഇന്‍ക്രിമെന്റുമാണ് ശുപാര്‍ശ ചെയ്യുന്നത്.

വര്‍ഷത്തില്‍ 12 കാഷ്വല്‍ ലീവ്, 12 ആന്വല്‍ ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്ക് പകരം അവധിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കണം.

നേഴ്‌സിംങ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യതയും രജിസ്‌ട്രേഷനും ഉള്ളവരെ മാത്രമേ ആശുപത്രിയില്‍ നിയമിക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. ശമ്പള വര്‍ധനവ് ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന് അധികാരമില്ലെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. ശമ്പളം മൂന്നിരട്ടിയായി ഉയര്‍ത്താന്‍ കമ്മീഷന്‍ ഏകപക്ഷീയമായാണ് തീരുമാനിച്ചതെന്നും സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ബലരാമന്‍ കമ്മീഷന്റെ ഏകപക്ഷീയമായ റിപ്പോര്‍ട്ട് തള്ളി സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വീണ്ടും പഠനം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശമ്പള പരിഷ്‌കരണം ഉടന്‍ നടത്തിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് നേഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു.

 

Malayalam News

Kerala News in English

Advertisement