basheer-and-kpa-majeed തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരെ തിരഞ്ഞെടുത്തു. ഇ.ടി മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയുമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ബഷീറിന് പൊതുകാര്യവും മജീദിന് സംഘടനാ കാര്യവും എന്നിങ്ങിനെ ചുമതലകള്‍ വിഭജിച്ചു നല്‍കിയിട്ടുണ്ട്. മജീദ് ഇനി മുതല്‍ യു.ഡി.എഫ് അംഗവുമായിരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എം.പി സ്ഥാനത്തിരിക്കുന്നതിനാല്‍ മുഴുവന്‍ കാര്യങ്ങളും ശ്രദ്ധിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇ.ടി മുഹമ്മദ് ബഷീറിനൊപ്പം കെ.പി.എ മജീദിനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സമവായമെന്ന നിലയിലാണ് രണ്ട് ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുത്തതെന്നാണ് സൂചന. ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആശ്രിതനാണ് കെ.പി.എ മജീദ്.

ബഷീറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടിലായിരുന്നു കുഞ്ഞാലിക്കുട്ടി പക്ഷം. പകരം കുഞ്ഞാലിക്കുട്ടിയുടെ ആശ്രിതനായ മജീദിനെ സെക്രട്ടറിയാക്കണമെന്നും ആ വിഭാഗം വാദിച്ചു. എന്നാല്‍ തര്‍ക്കം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് പിന്നീട് ഒത്തുതീര്‍പ്പെന്ന നിലയിലാണ് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്ന അത്യപൂര്‍വ്വമായ തീരുമാനത്തിലേക്ക് യോഗം പോയത്.

കുട്ടി അഹമ്മദ് കുട്ടി, എന്‍.സി മായിന്‍ ഹാജി, എം.ഐ തങ്ങള്‍, പി.എം.എ സലാം എന്നിവരെ സെക്രട്ടറി സ്ഥാനത്തേക്ക് കിരഞ്ഞെടുത്തു. സെക്രട്ടേറിയേറ്റ് സ്ഥാനത്തേക്ക് എം.എ മുഹമ്മദ്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കളത്തില്‍ അബ്ദുല്ല, പി.വി അബ്ദുല്‍ വഹാബ് എന്നിവരെ തിരഞ്ഞെടുത്തു.